കൊച്ചി: കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനെതിരേ കാഴ്ചവെച്ച പോരാട്ടവീര്യം ഇങ്ങ് കൊച്ചിയിലും പുറത്തെടുത്തപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്സായി. സ്വന്തം മൈതാനത്ത് ചെന്നൈനെ വെള്ളം കുടിപ്പിച്ച മഞ്ഞപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയം കൈവരിച്ചത്.
23, 55 മിനിറ്റുകളില്‍ മത്തേജ് പൊപ്ലാറ്റ്നിക്കും 71-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്.
ലീഗിലെ 16 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിജയമാണിത്. ഈ സീസണിലെ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ആദ്യ വിജയവും. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്‌റ്റേഴ്സ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം മഞ്ഞപ്പട എതിരാളികളെ പിന്നിലാക്കി.
ഗോള്‍കീപ്പര്‍ കരണ്‍ജിത്തിന്റെ ചില മിന്നുന്ന സേവുകളും നിര്‍ഭാഗ്യവും ചതിച്ചില്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനില്‍ ബ്ലാസ്റ്റേഴ്സ് ജയിക്കുമായിരുന്നു.
ചെന്നൈയിന്‍ എഫ്.സിക്കെതിരേ കൊച്ചിയില്‍ കിടിലന്‍ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു മഞ്ഞപ്പട.
23-ാം മിനിറ്റില്‍ പെക്കൂസന്റെ ക്രോസില്‍ നിന്ന് മത്തേജ് പൊപ്ലാറ്റ്നിക്കാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യം സ്‌കോര്‍ ചെയ്തത്. പെക്കൂസന്റെ ലോ ക്രോസ് തടയുന്നതിനിടെ ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങ്ങിന് പിഴച്ചപ്പോള്‍ പന്ത് ലഭിച്ച പൊപ്ലാറ്റ്നിക്ക് പന്ത് വലയിലെത്തിച്ചു.
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഈ ടീമില്‍ നിന്ന് എന്ത് പ്രതീക്ഷിച്ചോ അതാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈനെതിരേ ആദ്യ പകുതിയില്‍ പുറത്തെടുത്തത്. ആദ്യ പകുതിയിലുടനീളം ചെന്നൈയെ വിറപ്പിക്കുന്ന കളിയാണ് മഞ്ഞപ്പട പുറത്തെടുത്തത്. പല തവണ ഗോളിനടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യം വിനയായി.
പൊപ്ലാറ്റ്നിക്കിന്റെ ഒരു ഹെഡര്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയിരുന്നു. 35-ാം മിനിറ്റില്‍ പെക്കൂസന്‍ തൊടുത്ത തകര്‍പ്പന്‍ വോളി കരണ്‍ജിത്ത് സിങ് കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. സ്റ്റൊയാനോവിച്ച്, പൊപ്ലാറ്റ്നിക്ക്, സെയ്മിന്‍ലെന്‍ ഡുംഗല്‍ എന്നിവര്‍ ചേര്‍ന്ന മുന്നേറ്റങ്ങള്‍ പല തവണ ചെന്നൈ ഗോള്‍മുഖം വിറപ്പിച്ചു. ബ്ലാസ്റ്റേഴ്സ് പ്രസ്സിങ് ഗെയിം പുറത്തെടുത്തപ്പോള്‍ കളി ചെന്നൈനിന്റെ ഹാഫിലേക്ക് ചരുങ്ങി.
മഞ്ഞപ്പടയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. 48-ാം മിനിറ്റില്‍ സഹലെടുത്ത ഫ്രീകിക്ക് വലയിലെത്തിക്കാന്‍ ഡുംഗലിന് സാധിച്ചില്ല. കേരളത്തിന്റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്ക് 55-ാം മിനിറ്റില്‍ അടുത്ത ഫലം ലഭിച്ചു. സഹല്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് സ്റ്റൊയാനോവിച്ച്, പൊപ്ലാറ്റ്‌നിക്കിന് മറിച്ചുനല്‍കി. തകര്‍പ്പന്‍ ഷോട്ടിലൂടെ പൊപ്ലാറ്റ്‌നിക്ക് പന്ത് വലയിലെത്തിച്ചു.
71-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ വിജയമുറപ്പിച്ചു കൊണ്ട് സഹല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സഹല്‍ തന്നെയാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. സഹല്‍ നല്‍കിയ പാസ് ഡുംഗല്‍ ബോക്സിന് അരികില്‍ നിന്നും മറിച്ചു നല്‍കിയപ്പോള്‍ ചെന്നൈ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഇടതുമൂലയിലൂടെ ഓടിക്കറിയ സഹല്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചു കയറ്റി. ബ്ലാസ്റ്റേഴ്‌സിനായുള്ള സഹലിന്റെ ആദ്യ ഗോളായിരുന്നു ഇത്.
മത്സരം അവസാനിക്കാനിരിക്കെ രണ്ട് തകര്‍പ്പന്‍ സേവുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങ് കയ്യടി നേടി.
മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീത് ഈ കളിയില്‍ ചെന്നൈയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും നിരാശയായിരുന്നു ഫലം.
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികള്‍ക്ക് ആദരമര്‍പ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്. വിജയത്തോടെ 16 മത്സരങ്ങളില്‍ 14 പോയിന്റായ കേരളം പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി. ചെന്നൈയിന്‍സ് അവസാന സ്ഥാനത്ത് തുടരുന്നു. പട്ടികയില്‍ മുന്നിലുള്ള ഗോവയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
Content Highlights: isl kerala blasters against chennaiyin fc