മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഞായറാഴ്ചത്തെ കിരീടപോരാട്ടം കഴിയുമ്പോള്‍ പിറക്കുന്നത് പുതിയ ചരിത്രമാകും. ലീഗില്‍ പുതിയ ചാമ്പ്യന്‍ ക്ലബ്ബ് വരും. ആക്രമണ ഫുട്ബോളിന്റെ വക്താക്കളായ എഫ്.സി. ഗോവയും ബെംഗളൂരു എഫ്.സി.യുമാണ് കലാശക്കളിയില്‍ കൊമ്പുകോര്‍ക്കുന്നത്. മുംബൈ ഫുട്ബോള്‍ അരീനയില്‍ രാത്രി 7.30-നാണ് കിക്കോഫ്.
ബെംഗളൂരു എഫ്.സി.
തുടര്‍ച്ചയായ രണ്ടാം തവണ ഫൈനലില്‍ കളിക്കുന്ന ബെംഗളൂരു ലീഗില്‍ സ്ഥിരത പുലര്‍ത്തുന്ന ടീമാണ്. ഗോവയ്‌ക്കെതിരേ കളിച്ചപ്പോഴുള്ള ചരിത്രവും അവര്‍ക്ക് അനുകൂലമാണ്. സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ആദ്യപാദത്തില്‍ തോറ്റശേഷം രണ്ടാംപാദത്തിന്റെ അവസാനഘട്ടത്തില്‍ ടീം കാണിച്ച പോരാട്ടവീര്യമാണ് അവരുടെ കൈമുതല്‍.
മുന്നേറ്റനിരതാരങ്ങളായ സുനില്‍ ഛേത്രി-മിക്കു-ഉദാന്ത സിങ് എന്നിവരിലാണ് ടീം പ്രതീക്ഷവെക്കുന്നത്. മധ്യനിരയില്‍ ദിമാസ് ദെല്‍ഗാഡോയെന്ന വിശ്വസ്തനുണ്ട്. യുവാനനും രാഹുല്‍ ബെക്കെയും കളിക്കുന്ന പ്രതിരോധവും ശക്തം. പരിശീലകന്‍ കാള്‍സ് കൗദ്രാറ്റിന്റെ തന്ത്രങ്ങളും നിര്‍ണായകമാകും.
എഫ്.സി. ഗോവ
ലീഗില്‍ ഇതുവരെ 16 ഗോള്‍ നേടിയ വിദേശ സ്ട്രൈക്കര്‍ ഫെറാന്‍ കോറോമിനെസിലാണ് ടീം പ്രതീക്ഷ പുലര്‍ത്തുന്നത്. അതിശക്തമായ ആക്രമണമാണ് ടീം ഇതുവരെ നടത്തിയത്. സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ശക്തമായ പ്രതിരോധമുള്ള മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചതുതന്നെ ഉദാഹരണം.
കോറോക്ക് യഥേഷ്ടം പന്തെത്തിക്കാന്‍ കഴിയുന്ന മധ്യനിരയും ടീമിനുണ്ട്. എഡു ബേഡിയയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസും ജാക്കിചന്ദ് സിങ്ങും ഭാവനാസമ്പന്നരാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ അഹമ്മദ് ജൗഹുവും കരുത്തന്‍. ഇന്ത്യന്‍ സാഹചര്യം പരിശീലകന്‍ സെര്‍ജി ലോബേറയ്ക്ക് പരിചിതവുമാണ്.
Content Highlights: isl final fc goa vs bengaluru fc