ജംഷേദ്പുര്‍: എഫ്.സി.ഗോവയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി ഐ.എസ്.എല്ലില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കയറി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളിനാണ് ജംഷേദ്പുര്‍ ഗോവയെ മുക്കിക്കളഞ്ഞത്.

ജംഷേദ്പുരിനുവേണ്ടി മൈക്കല്‍ സൂസൈരാജ് രണ്ട് ഗോള്‍ നേടി. മെമോയും സുമീത് പാസ്സിയുമാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. മൗര്‍താദ ഫാലിന്റെ വകയാണ് ഗോവയുടെ ആശ്വാസഗോള്‍.

പതിനേഴാം മിനിറ്റിലാണ് സൂസൈരാജ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 33-ാം മിനിറ്റില്‍ ഫാല്‍ ഗോള്‍ മടക്കിയെങ്കിലും രണ്ടാം പകുതിയില്‍ ഗോവ പൂര്‍ണമായി കളി മറന്നു. 50-ാം മിനിറ്റില്‍ സൂസൈരാജ് ജംഷേദ്പുരിനെ വീണ്ടും മുന്നിലെത്തിച്ചു. 77-ാം മിനിറ്റില്‍ മെമോയും 78-ാം മിനിറ്റില്‍ പാസ്സിയും പട്ടിക പൂര്‍ത്തിയാക്കി.

ആറ് കൡകളില്‍ നിന്ന് പത്ത് പോയിന്റാണുള്ളത് ജംഷേദ്പുരിന്. അവര്‍ ബെംഗളൂരു എഫ്.സി.യെ മറികടന്നാണ് മൂന്നാം സ്ഥാനത്തേയ്ക്ക് കയറിയത്. അഞ്ചു കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ഗോവ നോര്‍ത്ത് ഈസ്റ്റിന് പിറകില്‍ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Content Highlights: ISL FC Goa Jamshedpur Goal