പനാജി: ചുവപ്പ് കാർഡിന്റെ കളിയിൽ ബെംഗളൂരു ഫ്.സി.ക്ക് എഫ്.സി.  ഗോവയ്ക്കെതിരേ ജയം. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. ലീഗിൽ ബെംഗളൂരുവിന്റെ തുടർച്ചയായ നാലാം ജയമാണിത്. ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല അവർ. ഗോവയ്ക്ക് ഇത് തുടർച്ചയായ രണ്ട് ജയങ്ങൾക്കുശേഷമുള്ള തോൽവിയാണ്. സീസണിൽ ഇത് രണ്ടാം തവണയാണ് അവർ തോൽക്കുന്നത്. ജംഷേദ്​പുർ എഫ്.സിയോടാണ് അവർ ഇതിന് മുൻപ് തോറ്റത്.

മുപ്പത്തിനാലാം മിനിറ്റിൽ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിനുവേണ്ടി ആദ്യം ഗോൾ നേടിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസ് ഗോവയെ ഒപ്പമെത്തിച്ചു. എന്നാൽ, അഞ്ച് മിനിറ്റിനുള്ളിൽ സുനിൽ ഛേത്രി ബെംഗളൂരുവിന്റെ ജയം ഉറപ്പിച്ച ഗോൾ നേടി.

കോർണറിൽ നിന്ന് സിസ്കോയുടെ വോളിയാണ് ഗോളിന് വഴിവച്ചത്. പന്ത് കിട്ടിയ രാഹുൽ ബെക്കെ ഇടത് കാൽ കൊണ്ട് പന്ത് ഫ്ലിക്ക് ചെയ്താണ് വല കുലുക്കിയത്.

ഇരു ടീമുകളുടെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്തു പേരെ വീതം വച്ചാണ് ഇരു ടീമുകളും കളിക്കുന്നത്. എഫ്.സി. ഗോവയുടെ ഡിഫൻണ്ടർ മുഹമ്മദ് അലിയും ബെംഗളൂരുവിന്റെ മിഡ്​ഫീൽഡർ ഡിമാസ് ഡെൽഗാഡോയുമാണ് ചുവപ്പ് കാർഡ് കണ്ടത്.

രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിനോട് തോറ്റെങ്കിലും പൊയിന്റ് പട്ടികയിൽ ഗോവ തന്നെയാണ് മുന്നിൽ. ഇരുടീമുകൾക്കും പതിനാറ് പോയിന്റ് വീതമാണുള്ളത്. ഗോൾശരാശരിയാണ് ഗോവയ്ക്ക് തുണയായത്. എന്നാൽ, ഗോവ എട്ട് മത്സരങ്ങൾ കളിച്ചു. ആറു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എന്നൊരു ആനുകൂല്യമുണ്ട് ബെംഗളൂരുവിന്.

Content Highlights: ISL FC Goa Bengaluru FC