പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവ ബെംഗളൂരു എഫ്.സി ഫൈനല്‍. ചൊവ്വാഴ്ച നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റ് എഫ്.സിയോട് തോറ്റെങ്കിലും ആദ്യ പാദത്തിലെ 5-1 ന്റെ വിജയത്തോടെ ഗോവ ഫൈനലിലെത്തുകയായിരുന്നു. ഇരു പാദങ്ങളിലുമായി 5-2 നാണ് ഗോവയുടെ വിജയം.
ആറാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റാഫേല്‍ ബസ്റ്റോസാണ് മുംബൈ സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. ഇസ്സോക്കോയുടെ അസിസ്റ്റില്‍ നിന്നാണ് ബാസ്‌റ്റോസ് ഗോള്‍ നേടിയത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവന്‍ പ്രതിരോധം കാണിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. ആദ്യ പാദത്തിലും മുംബൈയുടെ ഗോള്‍ നേടിയത് ബാസ്‌റ്റോസായിരുന്നു.
ജാക്കിചന്ദ് സിങ്, മുര്‍ട്ടാഡ ഫാള്‍, ഫെറാന്‍ കോറോമിനാസ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ആദ്യ പാദത്തില്‍ ഗോവയുടെ ഗോളുകള്‍ നേടിയത്.
56-ാം മിനിറ്റില്‍ സമനില ഗോള്‍ നേടാനുള്ള അവസരം ഗോവയ്ക്ക് നഷ്ടമായത് ബാറിന്റെ രൂപത്തിലായിരുന്നു. ഫെറാന്‍ കോറോമിനാസിന്റെ ഷോട്ട് ബാറില്‍ തട്ടിമടങ്ങി. 17-ന് മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടക്കുന്ന ഫൈനലില്‍ ഗോവ, ബെംഗളൂരുവിനെ നേരിടും.
നേരത്തെ ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ട ബെംഗളൂരു രണ്ടാം പാദത്തില്‍ അവരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫൈനലില്‍ കടന്നത്. ഇരുപാദങ്ങളിലുമായി 4-2 ന്റെ ജയം.
Content Highlights: ISL despite losing FC Goa march to finals