ന്യൂഡൽഹി: ഐ.എസ്.എല്ലിൽ ഡെൽഹി ഡയനാമോസിന് ആറാം തോൽവി. പത്ത് കളി കളിച്ചിട്ടും ഒരൊറ്റ ജയം സ്വന്തമാക്കാൻ കഴിയാതിരുന്നവർ ഇപ്പോഴും പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനക്കാരാണ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ലീഡ് നേടുകയും രണ്ട് ഗോളടിക്കുകയും ചെയ്തിട്ടും മുംബൈ സിറ്റി എഫ്.സിയോട് രണ്ടിനെതിരേ നാല് ഗോളിനാണ് ഡൽഹി പരാജയപ്പെട്ടത്.

മൂന്നാം മിനിറ്റിൽ ലാലിയൻസ്വാല ചാങ്തയാണ് ഡെൽഹിക്ക് ലീഡ് സമ്മാനിച്ച ഗോൾ നേടിയത്. ബോക്സിന്റെ തൊട്ടു പുറത്തുനിന്ന് മാർക്കസ് ടെബറാണ് കൊടുത്ത ലാല്യൻസ്വാല ചാങ്​തെയ്ക്ക്  നല്ലൊരു പന്ത് കൊടുത്തത്. ചാങ്തെയ്ക്ക് പിഴച്ചില്ല. സമയമെടുത്ത് തൊടുത്ത ഷൂട്ട് വലയിൽ. സൗവികിന്റെ ദേഹത്ത് ഉരസിപ്പോയ പന്ത് വലയിൽ കയറുന്നത് നിസ്സാഹനായി നോക്കി നിൽക്കാനേ ഗോളി അമരീന്ദറിന് കഴിഞ്ഞുള്ളൂ. ആദ്യം സൗവിക് ചക്രബർത്തിയുടെ സെൽഫ് ഗോളാണെന്നായിരുന്നു കരുതിയിരുന്നത്. 

49-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റാഫേൽ ബാസ്റ്റോസാണ് മുംബൈയ്ക്കുവേണ്ടി ഗോൾ മടക്കിയത്.

പ്രിതം കോട്ടൽ ബോക്സിൽ കൈ കൊണ്ട് പന്ത് തൊട്ടതിന് കിട്ടിയ പെനാൽറ്റിയാണ് റാഫേൽ ലക്ഷ്യത്തിലെത്തിച്ച് മുംബൈയ്ക്ക് സമനില സമ്മാനിച്ചത്.

61-ാം മിനിറ്റിൽ മാർട്ടി ക്രെസ്പിയുടെ ഒരു സെൽഫ് ഗോളിലാണ് മുംബൈ ലീഡ് നേടിയത്. വലതു പാർശ്വത്തിൽ നിന്നുള്ള ഒരു ക്രോസ് ഉയരേ ചാടി ക്ലിയർ ചെയ്യാനായിരുന്നു ക്രെസ്പിയുടെ ശ്രമം. എന്നാൽ, തലയിൽ നിന്ന് റോക്കറ്റ് പോലെ പന്ത് കുതിച്ചത് സ്വന്തം പോസ്റ്റിലേയ്ക്ക്. മുംബൈ ആദ്യമായി മുന്നിൽ.

എന്നാൽ, മുംബൈയുടെ ഈ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായില്ല. ഡൽഹി മൂന്ന് മിനിറ്റിനുള്ളിൽ തിരിച്ചടിച്ചു. ജിയാന്നി സ്യുവെർലൂണായിരുന്നു സ്കോറർ. റെനെ മിഹെലിച്ച് ബോക്സിൽ നിന്ന് പിറകോട്ട് തള്ളിക്കൊടുത്ത പന്ത് വെടിയുണ്ടയായി വലയിലെത്തിക്കുകയായിരുന്നു സ്യുവെർലൂൺ.

മൂന്ന് മിനിറ്റേ കാത്തിരിക്കേണ്ടിവന്നുള്ളൂ. മുംബൈ വീണ്ടും മുന്നിലെത്തി. 69-ാം മിനിറ്റിൽ പൗലോ മച്ചഡോയുടെ പാസിൽ റെയ്നിയർ ഫെർണാണ്ടസാണ് മുംബൈയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്.

80-ാം മിനിറ്റിൽ ക്യാപ്റ്റൻ  പൗലോ മച്ചഡോയുടെ വകയായിരുന്നു മുംബൈയുടെ നാലാം ഗോൾ. ആർനോൾഡ് ഇസ്സോക്കൊ വലതു പാർശ്വത്തിൽ നിന്ന് കൊടുത്ത ക്രോസ് ഡിഫൻഡർക്കൊപ്പം ഓടിയെത്തി ഒരു വോളിയിലൂടെ വലയിലാക്കുകയായിരുന്നു ക്യാപ്റ്റൻ.

ഒൻപത് കളികളിൽ ഒരെണ്ണം പോലും ജയിക്കാതെ നാലു പോയിന്റ് മാത്രമാണ് ഡെൽഹിക്കുള്ളത്. ഈ ജയത്തോടെ പതിനേഴ് പോയിന്റായ മുംബൈ ഒറ്റക്കുതിപ്പിന് നാലാം സ്ഥാനത്തെത്തി.

Content Highlights: ISL Delhi Dynamos FC Mumbai City FC Indian Super League Goal