ബെംഗളൂരു: റഫറിയുടെ തെറ്റായ തീരുമാനത്തില്‍ ആദ്യ പകുതിയില്‍ തന്നെ പത്തുപേരായി ചുരുങ്ങിയ ബെംഗളൂരു എഫ്.സിക്ക് എഫ്.സി ഗോവക്കെതിരേ തകര്‍പ്പന്‍ ജയം. 

രണ്ടാം പകുതിയില്‍ അടിച്ചു കൂട്ടിയ മൂന്നു ഗോളിന്റെ മികവിലാണ് ബെംഗളൂരുവിന്റെ വിജയം. ജയത്തോടെ ബെംഗളൂരു പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു. 42-ാം മിനിറ്റില്‍ നിഷു കുമാറാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത്. എന്നാല്‍ ഇതില്‍ രണ്ടാമത്തേത് കാര്‍ഡ് അര്‍ഹിക്കുന്ന ഫൗള്‍ ആയിരുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇതിന്റെ പേരില്‍ റഫറിയോടുള്ള പ്രതിഷേധം ബെംഗളൂരു പുറത്തെടുത്തത് രണ്ടാം പകുതിയിലായിരുന്നു. 50-ാം മിനിറ്റില്‍ യുവാനനാണ് ഗോളടിക്ക് തുടക്കമിട്ടത്. എട്ടുമിനിറ്റുകള്‍ക്കു ശേഷം ഉദാന്ത സിങ് ബെംഗളൂരുവിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 69-ാം മിനിറ്റില്‍ മിക്കു പട്ടിക പൂര്‍ത്തിയാക്കി.

വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായാണ് ബെംഗളൂരു പ്ലേഓഫിന് യോഗ്യത നേടിയത്. 31 പോയന്റുമായി ഗോവ തൊട്ടുപിന്നിലും. ഇരുവര്‍ക്കും ഇനി ഓരോ മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്.

Content Highlights: ISL Bengaluru FC beat FC Goa