ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിലെ മത്സരക്രമത്തില്‍ മാറ്റം. ഇപ്പോഴുള്ള ഒന്‍പത് ദിവസത്തെ ഇടവേളയ്ക്കു ശേഷം മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോഴാണ് മത്സരക്രമത്തിലെ മാറ്റം നടപ്പിലാക്കുക. ബെംഗളൂരു എഫ്.സിയുടെ ഹോം മത്സരത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 

അമര്‍ തമര്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഒക്ടോബര്‍ 31-ന് ആയിരുന്നു ബെംഗളൂരുവിന്റെ ഹോം മത്സരം. രണ്ടാം മത്സരം ഡിസംബര്‍ 13-ന് കൊല്‍ക്കത്തയിലും. ഈ മത്സരങ്ങള്‍ പരസ്പരം മാറ്റുകയായിരുന്നു. ഇതോടെ ഡിസംബര്‍ 13-ന് നടക്കേണ്ട മത്സരം ഒക്ടോബര്‍ 31-നും, ഒക്ടോബര്‍ 31-ന് നടക്കേണ്ട മത്സരം ഡിസംബര്‍ 13-നും നടക്കും.

കര്‍ണാടക സംസ്ഥാന രൂപീകരണദിനവുമായി (കര്‍ണാടക രാജ്യോത്സവം) ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കേണ്ടതിനാ ല്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആവശ്യത്തെ തുടര്‍ന്നാണ് ഐ.എസ്.എല്‍ അധികൃതര്‍ മത്സരത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മത്സരം നടക്കേണ്ട ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

അതേസമയം ഐ.എസ്.എല്‍ അഞ്ചാം പതിപ്പ് ഇപ്പോള്‍ ഒന്‍പതു ദിവസത്തെ ഇടവേളയിലാണ്. ഇന്ത്യന്‍ ദേശീയ സീനിയര്‍ ടീമിന് ചൈനക്കെതിരേ സൗഹൃദ മത്സരം കളിക്കാനുള്ളതിനാലാണിത്. ചൈനയ്‌ക്കെതിരായ മത്സരത്തിനുള്ള ക്യാമ്പിലേക്ക് 29 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്ദേഷ് ജിങ്കാനും അനസ് എടത്തൊടികയും ഹോലിചരണ്‍ നര്‍സാരിയും മലയാളി താരം ആഷിഖ് കുരുണിയനും ഇക്കൂട്ടത്തിലുണ്ട്. ഈ മാസം 13-നാണ് മത്സരം. 

നവംബര്‍ 12 മുതല്‍ 21 വരെ ലീഗിന് മറ്റൊരു ഇടവേളകൂടിയുണ്ട്. പിന്നാലെ 2019 ജനുവരിയില്‍ യു.എ.ഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് കളിക്കാനുള്ളതിനാല്‍ ഡിസംബര്‍ 17 മുതല്‍ ലീഗ് നീണ്ട ഇടവേളയിലേക്ക് പ്രവേശിക്കും. പിന്നീട് ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ പുനരാരംഭിക്കുക.

Content Highlights: isl bengaluru fc atk game moved because of karnataka rajyotsava