മുംബൈ: മുംബൈ സിറ്റി എഫ്.സി.യുടെ പ്രതിരോധം ഛിന്നഭിന്നമാക്കി ഗോവയുടെ ഗോളാക്രമണം. മുംബൈ അരീനയില്‍ ഐ.എസ്.എല്‍. ഫുട്‌ബോള്‍ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഗോവയുടെ ജയം. ആദ്യം ഗോളടിച്ച് പ്രതീക്ഷ പുലര്‍ത്തിയ മുംബൈ പിന്നീട് ചിത്രത്തിലില്ലാതായി. 

മുംബൈയ്ക്കുവേണ്ടി റാഫേല്‍ ബസ്റ്റോസ് (20) ലക്ഷ്യം കണ്ടപ്പോള്‍ ജാക്കിചന്ദ് സിങ് (31) മുര്‍ട്ടാഡ ഫാള്‍ (39, 58), ഫെറാന്‍ കോറോമിനസ് (51), ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് (82) എന്നിവര്‍ ഗോവയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ഐ.എസ്.എല്‍. ഫൈനലിലെത്തണമെങ്കില്‍ ചൊവ്വാഴ്ച രണ്ടാം പാദ മത്സരത്തില്‍ മുംബൈ ഗോവയുടെ ഗ്രൗണ്ടില്‍ അവരെ അഞ്ചുഗോള്‍ വ്യത്യാസത്തിന് തോല്‍പ്പിക്കണം.

ടൂര്‍ണമെന്റില്‍ രണ്ടാം ഫൈനല്‍ ലക്ഷ്യമിടുന്ന ഗോവ തുടക്കംമുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചു. എന്നാല്‍ ആദ്യം ഗോവയുടെ വലയിലാണ് പന്തെത്തിയത്. കോംഗോ താരമായ എന്‍കുഫോ ആര്‍ണോള്‍ഡ് വലതു വിങ്ങിലൂടെ ഓടിക്കയറി ചിപ് ചെയ്ത പന്ത് ബ്രസീല്‍ താരം റാഫേല്‍ ബസ്റ്റോസ് വലയിലേക്ക് തട്ടിയിട്ടു. ഒരു ഗോള്‍ വഴങ്ങിതോടെ ഗോവ ഉണര്‍ന്നു. 

തുടര്‍ച്ചയായി ആക്രമിച്ച അവര്‍ പത്ത് മിനുട്ടിനകം ഗോള്‍ മടക്കി. കോറോയുടെ കനത്ത അടി മുംബൈ ഗോളി അമരീന്ദര്‍ സിങ് തടഞ്ഞിട്ടപ്പോള്‍ ഓടിയെത്തിയ ജാക്കിചന്ദ് അതിനെ വലയിലേക്ക് വഴിമാറ്റി. അതോടെ മുംബൈയും കളി കടുപ്പിച്ചു. അതിനിടെ കിട്ടിയ കോര്‍ണറില്‍നിന്ന് ഗോവ ലീഡെടുത്തു. സെനഗല്‍ താരം മുര്‍ട്ടാഡ ഫാള്‍ ആണ് ഇത്തവണ ഗോവയെ മുന്നിലെത്തിച്ചത്. 

രണ്ടാം പകുതിയില്‍ ജാക്കിചന്ദിന്റെ മനോഹരമായ ക്രോസില്‍ നിന്നാണ് കോറോ ലക്ഷ്യം കാണുന്നത്. നാലാം ഗോള്‍ കോര്‍ണറില്‍ നിന്നും വീണ്ടും മുര്‍ട്ടാഡ കണ്ടെത്തി. ഗോവയുടെ അവസാനഗോള്‍ കാണാന്‍നില്‍ക്കാതെ കാണികളിലേറെയും ഗ്രൗണ്ട് വിട്ടു.

Content Highlights: ISL 2019 Mumbai City FC vs FC Goa