മുംബൈ:  മുംബൈ ഫുട്ബോള്‍ അറീനയില്‍ ചരിത്രമെഴുതി ബെംഗളൂരു എഫ്.സി. ഗോവ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ കന്നിക്കിരീടം നേടി.  118-ാം മിനിറ്റില്‍ ഗോള്‍ നേടിയ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ കണ്ടെത്താതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോര്‍ണറില്‍ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി. ഗോവയുടെ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നവീന്റെ കയ്യില്‍ തട്ടിയ പന്ത് പോസ്റ്റില്‍ ഇടിച്ചശേഷമാണ് ഗോവന്‍ ഗോള്‍ വല കുലുക്കിയത്. ബെംഗളൂരു എഫ്.സിയുടെ ചരിത്രത്തിലേക്കായിരുന്നു ആ ഗോള്‍. മുംബൈ ഗാലറിയില്‍ തിങ്ങിനിറഞ്ഞ ബെംഗളൂരു ആരാധകര്‍ ആനന്ദ നൃത്തമാടി.

105-ാം മിനിറ്റില്‍ ജഹൗഹു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. ബെംഗളൂരു ആക്രമണത്തെ പ്രതിരോധിച്ചു നിന്ന ഗോവയ്‌ക്കേറ്റ അടിയായിരുന്നു അത്. മികുവുമായി പന്തിനായി പോരാടുന്നതിനിടെ പരുക്കന്‍ കളി പുറത്തെടുത്തതാണ് ജഹൗഹുവിന്റെ കാര്‍ഡിലേക്ക് നയിച്ചത്. 

ISL
Photo Courtesy: ISL

നിശ്ചിത സമയത്ത് ഇരുടീമുകളും മികച്ച ആക്രമണം കാഴ്ച്ചവെച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പലപ്പോഴും മികുവിന്റേയും സുനില്‍ ഛേത്രിയുടെ മുന്നേറ്റം നിര്‍ഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല. 80-ാം മിനിറ്റില്‍ ഗോളെന്നുറച്ച മികുവിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. 

ബെംഗളൂരുവിന്റെ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ ഫൈനലിലേറ്റ തോല്‍വിയുടെ നിരാശ മായ്ക്കാനുള്ള അവസരം കൂടിയായി ഛേത്രിയുടെ ടീമിന്. അതേസമയം രണ്ടു തവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഗോവയുടെ വിധി. 

 

 

Content Highlights: ISL 2019 Final Bengaluru FC vs FC Goa