കൊച്ചി: വേതനം ചോദിച്ചതിന്റെ പേരില്‍ വിദ്യാർഥികളെ ഐഎസ്എല്ലിൽ സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിലെ അംഗങ്ങള്‍ മര്‍ദിച്ചതായി പരാതി. മത്സരങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ എത്തുന്ന വിദ്യാര്‍ഥികളാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ എട്ട് തണ്ടര്‍ ഫോഴ്‌സ് അംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. മത്സരത്തില്‍ ഗേറ്റുകളിലും സ്റ്റേഡിയത്തിലുമൊക്കെ തണ്ടര്‍ ഫോഴ്‌സ് ദിവസ വേതനാടിസ്ഥാനത്തില്‍ പുറത്തുനിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ എടുക്കാറുണ്ട്. ഒരു മത്സരത്തില്‍ മുന്നൂറോളം പേരെയാണ് ഇത്തരത്തില്‍ നിയോഗിക്കുന്നത്. എന്നാല്‍, തിങ്കളാഴ്ച ഇത്തരത്തില്‍ സെക്യൂരിറ്റിയായി കാഞ്ഞിരമറ്റം ഭാഗത്തുനിന്ന് എത്തിയവരില്‍ മുപ്പതോളം പേരെ എടുക്കാന്‍ വിസമ്മതിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
ആദ്യ രണ്ടു മത്സരങ്ങളില്‍ തങ്ങള്‍ തണ്ടര്‍ ഫോഴ്‌സിന്റെ ഭാഗമായി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്നെന്നും എന്നാല്‍ തിങ്കളാഴ്ച ഡ്യൂട്ടിയ്‌ക്കെത്തിയപ്പോള്‍ ഷൂ കറുപ്പല്ല, ഷേവ് ചെയ്തിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് തങ്ങളെ ഒഴിവാക്കുകയായിരുന്നെന്നും ഡ്യൂട്ടിക്കെത്തിയ കുട്ടികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഇതില്‍ പ്രതിഷേധിച്ചതോടെ പൈസ തരാമെന്ന ധാരണയില്‍ ഡ്യൂട്ടിയ്ക്ക് കയറി. എന്നാല്‍, മത്സരശേഷം ഡ്യൂട്ടി അവസാനിപ്പിച്ച് വേതനം വാങ്ങാനെത്തിയപ്പോള്‍ ചിലര്‍ക്ക് പണം നല്‍കാതിരിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
രാത്രി വൈകിയും പണം നല്‍കാതെ വന്നപ്പോള്‍ വേതനം ലഭിക്കാതിരുന്നവര്‍ കയര്‍ത്തു സംസാരിച്ചെന്നും ഇതോടെ തണ്ടര്‍ ഫോഴ്‌സിന്റെ ബൗണ്‍സര്‍മാര്‍ ലാത്തിയും ട്യൂബും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി കുട്ടികളെ ആക്രമിക്കുകയായിരുന്നെന്നും കാഞ്ഞിരമറ്റത്തു നിന്ന് ഡ്യൂട്ടിയ്‌ക്കെത്തിയ ഡിഗ്രി വിദ്യാര്‍ഥി ഷുഐബ് പറഞ്ഞു.
പണം ലഭിച്ച താനുള്‍പ്പെടെയുള്ളവര്‍ മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍, തണ്ടര്‍ഫോഴ്‌സ് അംഗങ്ങള്‍ അടിക്കാന്‍ വരുന്നത് കണ്ട് ഇറങ്ങിയോടിയപ്പോള്‍ ഒരാള്‍ തങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നെന്നും ഷുഐബ് പറയുന്നു.
'ബൗണ്‍സര്‍മാര്‍ ആക്രമിക്കാന്‍ വരുന്നത് കണ്ട് ഞങ്ങള്‍ ഇറങ്ങിയോടുകയായിരുന്നു. അപ്പോള്‍ പുറകേ ഒരാള്‍ വന്ന് ഹിന്ദിയില്‍ എന്തോ പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ എന്റെ നേരെ തോക്ക് ചൂണ്ടിയിരിക്കുകയായിരുന്നു. എന്റെ പൈസ കിട്ടി എനിക്കൊന്നും വേണ്ട എന്നു പറഞ്ഞപ്പോള്‍ അയാള്‍ തോക്ക് താഴ്ത്തി'- ഷുഐബ് വ്യക്തമാക്കി.
ഇതിനു ശേഷമാണ് പോലീസ് എത്തി തണ്ടര്‍ ഫോഴ്‌സ് അംഗങ്ങളെ അറസ്റ്റ് ചെയ്തതെന്നും വിദ്യാര്‍ഥി പറഞ്ഞു. ട്യൂബ് കൊണ്ടുള്ള അടിയിലും മറ്റും മൂന്നു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ രാത്രിതന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, വിദ്യാര്‍ഥികള്‍ക്കെതിരേ തോക്ക് ചൂണ്ടിയെന്ന ആരോപണം തണ്ടര്‍ ഫോഴ്‌സ് മാനേജര്‍ ക്യാപ്റ്റന്‍ സോമന്‍ നിഷേധിച്ചു. 'തോക്ക് ലൈസന്‍സുള്ളതോ തോക്കുള്ളതോ ആയ ആരും ഇവിടെയില്ല. വേതനം സംബന്ധിച്ച പ്രശ്‌നമല്ല ഇത്. കുട്ടികള്‍ക്ക് തണ്ടര്‍ ഫോഴ്‌സ് സെക്യൂരിറ്റി ആകാനുള്ള ഹെയര്‍ക്കട്ടിങ് മുതലുള്ള ശാരീരിക യോഗ്യത ഇല്ലാത്തതിനാല്‍ ഡ്യൂട്ടിയ്‌ക്കെടുത്തിരുന്നില്ല. അതിന്റെ ദേഷ്യം മൂലം ബൗണ്‍സര്‍മാരേ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഉന്തും തള്ളിലുമാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്' - ക്യാപ്റ്റന്‍ സോമന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും എെ. എസ്.എല്ലിനിടെ ജനക്കൂട്ടത്തെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഒരു തണ്ടര്‍ ഫോഴ്‌സ് അംഗത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Content Highlights: isl 2018 students attacked thunder force members arrested