ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് തടയിട്ട് മുംബൈ സിറ്റി എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ വടക്കുകിഴക്കന്‍ ടീമിനെ തോല്‍പിച്ചത്. നാലാം മിനിറ്റില്‍ അര്‍നോള്‍ഡ് ഇസോക്കോയാണ് നിര്‍ണായക ഗോൾ നേടിയത്.

ജയത്തോടെ ഏഴു കളിയില്‍നിന്ന് 13 പോയന്റായ മുംബൈ മൂന്നാം സ്ഥാനത്തേക്ക് കയറി. ലീഗില്‍ ആദ്യ തോല്‍വിയറിഞ്ഞ നോര്‍ത്ത് ഈസ്റ്റ് ആറു കളിയില്‍നിന്ന് 11 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്.

നിലയുറപ്പിക്കുംമുമ്പേ നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിക്കുകയും തുടര്‍ന്ന് പ്രതിരോധമുറകള്‍ ഭംഗിയായി നടപ്പാക്കി എതിരാളിയെ തടുത്തുനിര്‍ത്താനും മുംബൈയ്ക്കായി. 4-3-2-1 ശൈലിയിലാണ് മുംബൈ എതിരാളിയുടെ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയത്. മോദൗ സൗഗുവിനെ ഏക സ്ട്രൈക്കറാക്കിയ ടീം റാഫേല്‍ ബാസ്റ്റോസിനെയും അര്‍നോള്‍ഡ് ഇസോക്കോയെയും അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ നിയോഗിച്ചു. പൗളോ മച്ചാഡെ-സെഹ്നാജ് സിങ്-മിലന്‍ സിങ് ത്രയം തൊട്ടുപിന്നില്‍ കളിച്ചു.

4-2-3-1 ശൈലിയിലാണ് നോര്‍ത്ത് ഈസ്റ്റ് കളിച്ചത്. നായകന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചെ ഏക സ്ട്രൈക്കറായി. ഫെഡറിക്കോ ഗലാഗോ, യുവാന്‍ മാസിയ, റഹീം ലാങ് എന്നിവര്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ വന്നു.

പ്രതിരോധത്തിലൂന്നിയാണ് മുംബൈ ഗെയിംപ്ലാന്‍ തയ്യാറാക്കിയത്. പ്രതിരോധത്തിനുമുന്നില്‍ മൂന്നുപേരെ നിയോഗിച്ച അവര്‍ കണക്കുകൂട്ടിയപോലെ കാര്യങ്ങള്‍ നീങ്ങി. ഇതോടെ ലീഗില്‍ മികച്ചുനിന്ന നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റത്തിന് ആദ്യമായി താളം നഷ്ടപ്പെട്ടു. കളിയില്‍ 69 ശതമാനം ആധിപത്യവും 18 ഷോട്ടുകളുമുണ്ടായിട്ടും നോര്‍ത്ത് ഈസ്റ്റിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

Content Highlights: ISL 2018 NorthEast United vs Mumbai City FC