കൊച്ചി: കുറെദിവസങ്ങളായി ഇടവിട്ട് മഴയും ഇടിമിന്നലുമാണ് കൊച്ചിയില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടാം ഹോംമാച്ചില്‍ ഡല്‍ഹി ഡൈനാമോസിനെ എതിരിടുമ്പോള്‍ കാണികള്‍ പ്രതീക്ഷിക്കുന്നതും വിജയത്തിന്റെ ഇടിമുഴക്കംതന്നെ. 

ശനിയാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് കളി. ഇതുവരെ കളിച്ച രണ്ടുമത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. ഡല്‍ഹിക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. ഒരു സമനിലയും ഒരു തോല്‍വിയും.

കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ പ്രതീക്ഷപകരുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ആദ്യ മത്സരത്തില്‍ എ.ടി.കെ.യെ അവരുടെ തട്ടകത്തില്‍ രണ്ടുഗോളിന് തോല്‍പ്പിച്ചു. രണ്ടാം പകുതിയിലെ അലസത ബ്ലാസ്റ്റേഴ്സിന് തലവേദനയാകുന്നു. കഴിഞ്ഞകളിയില്‍ ജയിച്ചെന്ന് ഉറപ്പിച്ച നേരത്ത് ഇന്‍ജുറി ടൈമില്‍ വീണ ഗോളിലാണ് മുംബൈയോട് സമനില വഴങ്ങിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഫോര്‍വേഡുകളായ പോപ്ലാറ്റ്നിച്ചും സ്റ്റൊയ്നോവിച്ചും നല്ല ഫോമിലാണ്. ഡിഫന്‍സില്‍ റാക്കിപ്പ്, ജിംഗാന്‍, നെമഞ്ജ പെസിച്ച്, ലാല്‍റുവത്താര എന്നിവരും ഒത്തിണക്കത്തോടെ കളിക്കുന്നു. ജിംഗാന്‍ പതിനേഴും പെസിച്ച് പതിനാറും ക്ലിയറന്‍സുകള്‍ ഇതുവരെ നടത്തി. ഗോള്‍കീപ്പര്‍ ധീരജ് സിങ് ആറ് സേവുകള്‍ നടത്തിക്കഴിഞ്ഞു. സസ്‌പെന്‍ഷനിലുള്ള ഡിഫന്‍ഡര്‍ അനസ് എടത്തൊടികയ്ക്ക് ശനിയാഴ്ചയും ഇറങ്ങാനാകില്ല. മധ്യനിരയില്‍ ദൗംഗല്‍, ക്രമറെവിച്ച്, സമദ്, നര്‍സാരി, പെകൂസണ്‍ എന്നിവരില്‍ നിന്നാവും തിരഞ്ഞെടുപ്പ്. ചില കളിക്കാര്‍ക്ക് പനി ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും ഫിറ്റാണെന്ന് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു.

ഷൂട്ടിങ്ങിലെ പോരായ്മകളാണ് ഡല്‍ഹിയെ വലയ്ക്കുന്നത്. പുണെയ്‌ക്കെതിരേ ഗോള്‍ നേടിയത് അവരുടെ ഡിഫന്‍ഡറായ റാണ ഖരാമിയാണ്. കഴിഞ്ഞ കളിയില്‍ എ.ടി.കെ.യ്ക്കെതിരേ നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും അവര്‍ക്ക് മുതലാക്കാനായില്ല. ഡിഫന്‍സില്‍ പ്രീതം കോട്ടാലും നാരായണ്‍ദാസും പോരാളികളാണ്. മുന്നേറ്റത്തില്‍ ആന്‍ഡ്രിയ കലുജെറോവിച്ച് വിയര്‍ത്തുകളിക്കുന്നുണ്ടെങ്കിലും സ്‌കോറിങ്ങില്‍ മികവുകാട്ടിയിട്ടില്ല. ഇതുവരെ പത്തുതവണയാണ് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് അഞ്ച്തവണ ജയിച്ചപ്പോള്‍ ഡല്‍ഹിക്ക് ഒരു വിജയമാണുള്ളത്. മൂന്നുകളി സമനിലയിലായി.

Content Highlights: isl 2018 kerala blasters delhi dynamos