മഡ്ഗാവ്: രണ്ടുതവണ പിറകിലായശേഷം തിരിച്ചുവന്ന ഗോവ നിര്‍ണായകഘട്ടത്തില്‍ ഒരു ഗോള്‍കൂടി അടിച്ച് ഡല്‍ഹിയില്‍നിന്ന് ജയം പിടിച്ചെടുത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വ്യാഴാഴ്ച രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് എഫ്.സി. ഗോവ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചു. ആറു കളിയില്‍ നാലു ജയവുമായി 13 പോയന്റോടെ ഗോവന്‍ ടീം പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ചാം സീസണില്‍ ഇതുവരെ ജയം കണ്ടെത്താനാകാത്ത ഡല്‍ഹി ടീം നാലു പോയന്റുമായി പട്ടികയില്‍ ഒമ്പാതാം സ്ഥാനത്താണ്.

ബിക്രംജിത്ത് സിങ്ങിന്റെ (6) ഗോളിലൂടെ ഡല്‍ഹി തുടക്കത്തിലേ മുന്നിലെത്തി. രണ്ടാംപകുതിയില്‍ എഡു ബെഡിയ (54) ഗോവയെ ഒപ്പമെത്തിച്ചു. ലാലിയന്‍സുവാല ചാങ്തേ (70) ഒരിക്കല്‍ക്കൂടി ഡല്‍ഹിയെ മുന്നിലെത്തിച്ചെങ്കിലും ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ് (82) ഗോവയെ രക്ഷിച്ചു. ഒടുവില്‍ എഡു ബെഡിയ (89) ഗോവയ്ക്ക് നിര്‍ണായക ജയം സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഡല്‍ഹി ഡൈനാമോസിന്റെ പ്രതിരോധം ഗോവയെ ശരിക്കും പൂട്ടി.

സ്വന്തം ഗ്രൗണ്ടില്‍ കാണികളുടെ ശക്തമായ പിന്തുണയില്‍ രണ്ടാംപകുതില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഗോവ എതിരാളികളുടെ കോട്ടപൊളിച്ചു. ബോള്‍ പോസഷനില്‍ പിന്നിലായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് കൂടുതല്‍ തവണ ഷോട്ടുതിര്‍ത്തത് ഡല്‍ഹിയാണ്. എന്നാല്‍, ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നില്ല. 89-ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്ന് എഡു ബഡിയ നേടിയ ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു.

Content Highlights: ISL 2018 FC Goa vs Delhi Dynamos