ന്യൂഡല്‍ഹി: അവസാന മിനിറ്റുകളില്‍ രണ്ട് ഗോളടിച്ച് നോര്‍ത്ത് ഈസ്റ്റിന് വിജയം. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍പ്പിച്ചത്. വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്നാമതെത്തി. അതേസമയം ആറു മത്സരങ്ങള്‍ കളിച്ച ഡല്‍ഹിയുടെ അക്കൗണ്ടില്‍ ഒരൊറ്റ വിജയം പോലുമില്ല. 

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. നോര്‍ത്ത് ഈസ്റ്റ് നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഗോള്‍കീപ്പറുടെ പ്രകടനം ഡല്‍ഹിയുടെ രക്ഷയ്‌ക്കെത്തി. ഓഗ്‌ബെചെയുടെ ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചതും ആദ്യ പകുതിക്ക് ആവേശം പകര്‍ന്നു.

തുടര്‍ന്ന് നിശ്ചിത സമയം അവസാനിക്കാന്‍ എട്ട് മിനിറ്റ് ബാക്കിനില്‍ക്കെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളെത്തി. ഫെഡറികോ ഗാലെഗോയാണ് മികച്ചൊരു ഷോട്ടിലൂടെ നിര്‍ണായക ഗോള്‍ നേടിയത്. ഗോള്‍ നേടിയതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് ഇഞ്ചുറി ടൈമില്‍ വീണ്ടും ലക്ഷ്യം കണ്ടു. 93-ാം മിറ്റില്‍ ഓഗ്‌ബെചെയാണ് രണ്ടാം ഗോള്‍ നേടിയത്. ഡല്‍ഹി പ്രതിരോധ താരം പ്രീതം കോട്ടല്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ആ ഗോള്‍.

Content Highlights: ISL 2018 Delhi Dynamos vs North East United