ന്യൂഡല്‍ഹി: ഐ.എസ്.എല്ലിലെ ഏഴാം മത്സരം കഴിഞ്ഞിട്ടും ഡല്‍ഹി ഡൈനാമോസിന് വിജയമില്ല. ജംഷേദ്പുര്‍ എഫ്.സിക്കെതിരായ മത്സരം സമനിലയില്‍ അവസാനിച്ചു (2-2). ഡല്‍ഹിക്കായി ലാലിയന്‍സുല ചാങ്തേ (55), അദ്രിയ കാര്‍മോണ (58) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ജംഷേദ്പുര്‍ എഫ്.സിയുടെ ഗോളുകള്‍ സെര്‍ജി സിഡോഞ്ച (39) ഹോസെ ലൂയിസ് ആറോയ (72) എന്നിവര്‍ നേടി.

മത്സരത്തിന്റെ 39-ാ മിനിറ്റില്‍ ജംഷദ്പൂരിന്റെ സിഡോഞ്ചയാണ് ആദ്യ ഗോള്‍ നേടിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ജംഷദ്പൂരിന്റെ ഗോള്‍. ഗൗരവ് മുഖിയുടെ പാസില്‍ നിന്ന് സിഡോഞ്ച പന്ത് ഡല്‍ഹിയുടെ വലയില്‍ എത്തിച്ചു. 

രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ഡല്‍ഹി 55-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. ജംഷദ്പൂര്‍ ഡിഫന്‍സിന്റെ പിഴവ് മുതലെടുത്ത് ചാങ്‌തേയാണ് ഡല്‍ഹിക്ക് സമനില നേടിക്കൊടുത്തത്. മൂന്നു മിനിറ്റിനുള്ളില്‍ ഒരു ഹെഡറിലൂടെ കാര്‍മോണ ഡല്‍ഹിയെ 2-1ന് മുന്നിലെത്തിച്ചു.

എന്നാല്‍ ആദ്യ ജയമെന്ന ഡല്‍ഹിയുടെ സ്വപ്‌നം വീണ്ടും വീണുടഞ്ഞു.  72-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് ആറോയ ജംഷദ്പൂരിന് സമനില നേടിക്കൊടുത്തു. ഏഴ് കളിയില്‍നിന്ന് 11 പോയന്റായ ജംഷേദ്പുര്‍ പട്ടികയില്‍ ഒന്നാമതെത്തി. നാല് പോയന്റുള്ള ഡല്‍ഹി എട്ടാം സ്ഥാനത്താണ്.

Content Highlights: ISL 2018 Delhi Dynamos vs Jamshedpur FC