പുണെ: അഞ്ച് തോല്‍വികള്‍ക്കുശേഷം നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിക്ക് ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ആദ്യ ജയം. പുണെ സിറ്റിയെ 4-2 ന് തോല്‍പ്പിച്ചാണ് ടീം വിജയവഴിയിലെത്തിയത്. 

മെയ്ല്‍സന്‍ ആല്‍വ്സ് (54), ഗ്രിഗറി നെല്‍സന്‍ (56), ഇനിഗോ കാല്‍ഡറോണ്‍ (69), തോയ് സിങ് (72) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു. മലയാളി താരം ആഷിഖ് കുരുണിയന്‍ (9), ജോനാഥന്‍ വിയ്യ (90) എന്നിവരാണ് പുണെയുടെ സ്‌കോറര്‍മാര്‍.

ജയത്തോടെ ഏഴ് കളിയില്‍ നിന്ന് നാല് പോയന്റായ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തേക്ക് കയറി. ആറ് കളിയില്‍നിന്ന് രണ്ട് പോയന്റുള്ള പുണെ അവസാന സ്ഥാനത്ത് തുടരുന്നു. തോല്‍വിക്കൊപ്പം സൂപ്പര്‍താരം മാഴ്സലീന്യോ ചുവപ്പുകാര്‍ഡ് കണ്ടത് പുണെയ്ക്ക് ഇരട്ടപ്രഹരമായി.

കളിയുടെ ഒമ്പതാം മിനിറ്റില്‍ ആഷിഖിലൂടെ പുണെ ഗോള്‍ നേടിയതോടെ മറ്റൊരു തോല്‍വി ചെന്നൈയിന്‍ മുഖാമുഖം കണ്ടതാണ്. എന്നാല്‍ രണ്ടും കല്‍പ്പിച്ച് ടീം പൊരുതിയതോടെ പുണെ പ്രതിരോധം തകര്‍ന്നു. തുടരെ അവര്‍ ഗോള്‍ വഴങ്ങി.

Content Highl;ights: ISL 2018 Chennaiyin FC vs Pune City FC