ജംഷേദ്പുര്‍: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ഞായറാഴ്ച നടന്ന മത്സരത്തില്‍ സ്വന്തം മൈതാനത്ത് എ.ടി.കെയ്‌ക്കെതിരേ ജംഷേദ്പുര്‍ എഫ്.സിക്ക് സമനില. സ്റ്റീവ് കൊപ്പലിന്റെ മുന്‍ ടീമും നിലവിലെ ടീമും ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുവരും ഓരോ ഗോളുകള്‍ വീതം നേടി.
ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. രണ്ടും പിറന്നത് ഗോള്‍ കീപ്പര്‍മാരുടെ പിഴവില്‍ നിന്നും. 35-ാം മിനിറ്റില്‍ സെര്‍ജിയോ സിഡോണ്‍ച്ചയിലൂടെ ജംഷേദ്പുരാണ് ആദ്യം മുന്നിലെത്തിയത്. സിഡോണ്‍ച്ചയെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ വന്നത്. എളുപ്പം തടയാമായിരുന്ന കിക്ക്, പ്രതിരോധ മതിലിനിടയിലൂടെ എ.ടി.കെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ മുന്നില്‍ക്കുത്തി വലയില്‍ പതിക്കുകയായിരുന്നു.
ആദ്യ പകുതിക്ക് അനുവദിച്ച അധികസമയത്താണ് എ.ടി.കെ ഗോള്‍ മടക്കിയത്. മാനുവല്‍ ലാന്‍സറോട്ടയുടെ കോര്‍ണര്‍ ജംഷേദ്പുര്‍ ഗോളി സുഭാഷിഷ് റോയിലെ കബളിപ്പിച്ച് വലയില്‍ പതിക്കുകയായിരുന്നു.
കളിയിലുടനീളം പന്തിന്‍മേലുള്ള ആധിപത്യം ജംഷേദ്പുരിനായിരുന്നു. 66 ശതമാനം സമയമാണ് അവര്‍ പന്ത് കൈവശം വെച്ചത്. 17 ഷോട്ടുകള്‍ ഗോളിലേക്ക് തൊടുത്തെങ്കിലും ഒന്നൊഴികെ ബാക്കിയൊന്നും ലക്ഷ്യം കണ്ടില്ല. 66-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ടിം കാഹില്‍ നഷ്ടമാക്കുകയും ചെയ്തു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ജംഷേദ്പുര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റ് മാത്രമുള്ള എ.ടി.കെ ഏഴാം സ്ഥാനത്തും.
Content Highlights: ISL 2018 ATK hold Jamshedpur to a 1-1 draw