കൊച്ചി: പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍. ഡേവിഡ് ജെയിംസിന് പകരക്കാരനായി നിയമിച്ചിരിക്കുന്ന വിന്‍ഗാഡയുടെ കാലാവധി എത്ര നാളാണെന്ന് ടീം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 2016 ഐ.എസ്.എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിരുന്ന വിന്‍ഗാഡ പിന്നീട് മലേഷ്യയുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കാനായി ഇന്ത്യ വിടുകയായിരുന്നു. 

പത്ത് രാജ്യങ്ങളില്‍ ഇരുപതോളം ഫുട്‌ബോള്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള അറുപത്തിയഞ്ചുകാരനായ വിന്‍ഗാഡയുടെ വിളിപ്പേര്  'ദി പ്രൊഫസര്‍' എന്നാണ്. ഇപ്പോള്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇറാന്‍ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായിരുന്ന വിന്‍ഗാഡയ്ക്ക് ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചിതമാണ്. നേരത്തെ സൗദി അറേബ്യയുടെ കോച്ചായിരുന്ന വിന്‍ഗാഡ അവര്‍ക്ക് ഏഷ്യന്‍ കപ്പ് കിരീടവും നേടിക്കൊടുത്തിരുന്നു.  വിന്‍ഗാഡയുടെ കീഴില്‍ പോര്‍ച്ചുഗല്‍ അണ്ടര്‍-20 ടീം 1995ലെ ഫിഫാ യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

മലേഷ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അണ്ടര്‍-20 ടീമുകളെയും വിന്‍ഗാഡ പരിശീലിപ്പിച്ചിട്ടുണ്ട്. മലേഷ്യന്‍ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സിന്റെ കൂടാരത്തിലെത്തുന്നത്. ഒരിടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്ന ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി 25-ന് കൊച്ചിയില്‍ കൊല്‍ക്കത്തക്കെതിരേയാണ്.

Content Highlights: ISL 2018-19 Kerala Blasters sign Nelo Vingada as head coach