കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സി.ക്ക് നാലാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിനെ മുന്‍ചാമ്പ്യന്‍മാരായ എ.ടി.കെ. കൊല്‍ക്കത്ത (2-1) തോല്‍പ്പിച്ചു.

കാലു ഉച്ച (3), ജോണ്‍ ജോണ്‍സണ്‍ (13) എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി സ്‌കോര്‍ ചെയ്തു. 17-ാം മിനിറ്റില്‍ കാര്‍ലോസ് സാലോമിന്റെ വകയായിരുന്നു ചെന്നൈയിന്റെ ഗോള്‍.

ജയത്തോടെ എ.ടി.കെ. പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. അഞ്ചുമത്സരങ്ങളില്‍ രണ്ടു ജയമടക്കം ഏഴുപോയന്റാണ് അവരുടെ സമ്പാദ്യം. ലീഗില്‍ ഒരു പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ ഒമ്പതാം സ്ഥാനത്താണ്. എട്ടു പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഐ.എസ്.എല്ലില്‍ മുന്നില്‍.