ഗുവാഹാട്ടി: ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയില്‍ ബെംഗളൂരു എഫ്.സിക്കെതിരായ സെമിഫൈനല്‍ ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. റെഡീം തയാങ്ങും യുവാന്‍ മാസിയയും നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തപ്പോള്‍ സിസ്‌കോ ഹെര്‍ണാണ്ടസ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തു.
ആദ്യമായി ഐ.എസ്.എല്‍ സെമിയിലെത്തിയതിന്റെ ആവേശത്തിലായിരുന്നു നോര്‍ത്ത് ഈസ്റ്റ്. കളിയാരംഭിച്ച് 20-ാം മിനിറ്റില്‍ തന്നെ അവര്‍ മുന്നിലെത്തി. ഓഗ്‌ബെച്ചെയുടെ അസിസ്റ്റില്‍ നിന്ന് റെഡീം തയാങ്ങാണ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്. തിരിച്ചടിക്കാന്‍ ബെംഗളൂരു ആഞ്ഞു ശ്രമിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചുനിന്നു.
ഒടുവില്‍ 82-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ മികച്ചൊരു മുന്നേറ്റത്തില്‍ നിന്ന് സിസ്‌കോ ഫെര്‍ണാണ്ടസ് ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെയാണ് ഇന്‍ജുറി ടൈമിന്റെ അവസാന നിമഷം ഹര്‍മന്‍ജോത് ഖബ്രയുടെ ഫൗളിന് റഫറി ബെംഗളൂരുവിനെതിരേ പെനാല്‍റ്റി വിധിക്കുന്നത്. കിക്കെടുത്ത യുവാന്‍ മാസിയക്ക് പിഴച്ചില്ല.
The moment that proved to be the deciding factor in Guwahati.#HeroISL #ISLMoments #LetsFootball #NEUBEN #FanBannaPadega pic.twitter.com/GKWShBl3yc
— Indian Super League (@IndSuperLeague) March 7, 2019
11-ന് ബെംഗളൂരുവില്‍ വെച്ചാണ് രണ്ടാംപാദ സെമിഫൈനല്‍ മത്സരം നടക്കുക.
Content Highlights: indian super league northeast united beat bengaluru fc