കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. 23-ാം മിനിറ്റില്‍ തന്നെ 10 പേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ഇതിനിടെ 23-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കേരളാ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിന് തൊട്ടുവിളിയില്‍ മത്തേയ് പോപ്ലാറ്റ്‌നിക്കിനെ വീഴ്ത്തിയതിന് റഫറി ഗുര്‍വീന്ദറിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. അതോടെ ഗിരിക് കോസ്ലയെ പിന്‍വലിച്ച് ലാല്‍റെംപുവിയ ഫനായെ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി.

indian super league kerala blasters draws match against northeast united

നോര്‍ത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കയറിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇതിനിടെ 35-ാം മിനിറ്റില്‍ കറേജ് പെക്കൂസന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ലഭിച്ച അവസരം ലെന്‍ഡുംഗലിന് മുതലാക്കാനായില്ല.

രണ്ടാം പകുതിയില്‍ സാഹചര്യം മനസിലാക്കി ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് 46-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ചു. ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ സമയോജിതമായ ഇടപെടലാണ് കേരളത്തെ രക്ഷിച്ചത്.

ഇതോടെ 18 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ ഒമ്പതാം സമനിലയായിരുന്നു വെള്ളിയാഴ്ചത്തേത്. ഈ സീസണില്‍ വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. 29 പോയന്റോടെ നോര്‍ത്ത് ഈസ്റ്റ് നാലാമതെത്തി.

Content Highlights: indian super league kerala blasters draws match against northeast united