മുംബൈ: നിരാശ മാത്രം സമ്മാനിച്ച ഐ.എസ്.എല്‍ അഞ്ചാം സീസണൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു സന്തോഷ വാര്‍ത്ത. ഈ സീസണിലെ എമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദിനെയാണ്. 

സീസണില്‍ 17 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങിയ താരം ഒരു ഗോള്‍ നേടിയിരുന്നു. മുംബൈയില്‍ ബെംഗളൂരു - ഗോവ ഫൈനലിന് ശേഷം നടന്ന ചടങ്ങില്‍ നിത അംബാനിയാണ് സഹലിന് പുരസ്‌കാരം സമ്മാനിച്ചത്. രണ്ടര ലക്ഷം രൂപയാണ് സമ്മാനത്തുക.

കണ്ണൂര്‍ സ്വദേശിയായ സഹല്‍ സി.കെ വിനീതിനെ പോലെ കണ്ണൂര്‍ എസ്.എന്‍ കോളേജിലൂടെ വളര്‍ന്നുവന്ന താരമാണ്. സന്തോഷ് ട്രോഫിയിലും കേരളത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

മധ്യനിരയില്‍ മുന്‍ ജര്‍മന്‍ താരം മെസ്യുട്ട് ഓസിലിനെ അനുസ്മരിപ്പിക്കുന്ന സാന്നിധ്യമാണ് സഹല്‍. ഇതിനാല്‍ തന്നെ കേരള ഓസില്‍ എന്നാണ് താരത്തെ ആരാധകര്‍ വിളിക്കുന്നത്. ഐ.എസ്.എല്‍ ആദ്യ സീസണില്‍ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയത് ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിംഗാനായിരുന്നു.

അതേസമയം മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടന്ന ഫൈനലില്‍ എഫ്.സി. ഗോവയെ 118-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മറികടന്ന ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ കന്നിക്കിരീടം നേടി. രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി.

Content Highlights: Hero ISL KeralaBlasters Sahal Abdul Samad Emerging Player of the League