ഫറ്റോര്‍ഡ: ഐ.എസ്.എല്ലിലെ 17-ാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ തകര്‍ത്ത് എഫ്.സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ വിജയം.

സ്വന്തം മൈതാനത്ത് മുംബൈയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് ഗോവ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം ലീഡുണ്ടായിരുന്ന ഗോവ രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് ഗോവന്‍ വലയിലെത്തിച്ചത്. ആക്രമിച്ചു മാത്രമേ കളിക്കൂ എന്ന ഗോവന്‍ പരിശീലകന്‍ ലൊബേരയുടെ വാക്കിന്റെ ബലം അദ്ദേഹത്തിന്റെ കുട്ടികള്‍ കളത്തില്‍ കാണിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി ഗോവ ഇതുവരെ പത്തു ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോവ മുന്നിലെത്തി. മുംബൈ താരം സൗവിക് ഘോഷ്, ഫെറാന്‍ കോറോമിനാസിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കോറോ തന്നെ ലക്ഷ്യം കാണുകയും ചെയ്തു.

പിന്നീട് 55-ാം മിനിറ്റിലാണ് ഗോവ രണ്ടാമത്തെ ഗോള്‍ നേടുന്നത്. ഗോവന്‍ ജേഴ്‌സിയില്‍ ജാക്കിച്ചന്ദ് സിങ്ങിന്റെ ആദ്യ ഗോള്‍. സെറിട്ടണ്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ എഡു ബേഡിയ ഗോവയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

അവസാന പത്തു മിനിറ്റില്‍ മിഗ്വല്‍െ പലാങ്ക ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകള്‍ കൂടിയായതോടെ ഗോവയുടെ മുംബൈ വധം പൂര്‍ത്തിയായി. 84, 90 മിനിറ്റുകളിലായിരുന്നു ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. ഇതോടെ മൂന്നുകളികളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ ഏഴാം സ്ഥാനത്താണ്.

Content Highlights: five star FC Goa put Mumbai City to the sword