മഡ്ഗാവ്: ബെംഗളൂരു എഫ്.സിക്കെതിരേ അവരുടെ നാട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിനു പിന്നാലെ സ്വന്തം മാട്ടില്‍ ചെന്നൈയിനെ തകര്‍ത്തുവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് എതിരാളി ഗോവ.

നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന തിരിച്ചറിവ് ബ്ലാസ്റ്റേഴ്‌സിനെ അടിമുടി മാറ്റിക്കഴിഞ്ഞു. തിങ്കളാഴ്ച ഗോവയെ നേരിടുമ്പോള്‍ അതു തന്നെയാണ് കേരള ടീമിനുള്ള ആനുകൂല്യം. മറുഭാഗത്ത് സ്വന്തം മണ്ണില്‍ വിജയത്തോടെ നോക്കൗട്ടിലേക്ക് കടക്കാനാണ് ഗോവ ഇറങ്ങുന്നത്. ഒരു കളി കൂടി ജയിച്ചാല്‍ ഗോവയ്ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. ഗോവയുടെ ഗ്രൗണ്ടായ ഫത്തോര്‍ഡ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30-നാണ് മത്സരം.

കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഗോവ ഉജ്ജ്വലഫോമിലാണ്. അവസാന മത്സരത്തില്‍ എ.ടി.കെ.യെ 3-0 ത്തിന് തോല്‍പ്പിച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഗോവയ്ക്ക് ലീഗിലെ അവസാന രണ്ടു മത്സരങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈയിന്‍, ബെംഗളൂരു ടീമുകളുമായിട്ടാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് സെമി ബെര്‍ത്ത് ഉറപ്പിക്കാനാകും ശ്രമം.

ബ്ലാസ്റ്റേഴ്സാകട്ടെ, 14 മത്സരങ്ങള്‍ക്കുശേഷം കഴിഞ്ഞ കളിയില്‍ ചെന്നൈയിനെ (3-0) തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ്. ശേഷിക്കുന്ന മൂന്നുകളികളും ജയിച്ചാലും അവസാന ആറിലെത്തി സൂപ്പര്‍കപ്പിനുയോഗ്യത നേടാനാകുമെന്ന് ബ്ലാസ്റ്റേഴ്സിന് ഉറപ്പില്ല. 

പുതിയ പരിശീലകനുകീഴില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ സമനിലയിലായെങ്കിലും പഴയ കളിയില്‍നിന്ന് മെച്ചപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. വെള്ളിയാഴ്ച കൊച്ചിയില്‍ ചെന്നൈയിനെ നല്ല മാര്‍ജിനില്‍ തോല്‍പ്പിച്ചത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

Content Highlights: FC Goa look to seal play-offs berth in match against Kerala Blasters