ഫറ്റോര്‍ഡ: എഫ്.സി ഗോവയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ വ്യാഴാഴ്ച്ച നടന്ന ഐ.എസ്.എല്‍ മത്സരത്തിന് ശേഷം സംഭവിച്ചത് ദാരുണ രംഗങ്ങള്‍. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഗോവയുടെ മൂന്ന് ആരാധകരെ പോലീസുകാരും വളണ്ടിയര്‍മാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെ ഗ്രൗണ്ടിലേക്ക് കടന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നാല്‍പത്തിയഞ്ചുകാരനായ സെബി ഡിസൂസ, ഭാര്യ ടിന (42), ഇവരുടെ മകന്‍ ലെസ്റ്റര്‍ (20) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദിച്ചു എന്ന കുറ്റം ചുമത്തി സെബിയേയും ടീനയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ ഇവരുടെ മകന്‍ ലെസ്റ്റര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

അതേസമയം ആരാധകര്‍ക്ക് പിന്തുണയുമായി എഫ്.സി ഗോവ ടീം രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗോവ പിന്തുണ അറിയിച്ചത്. ആരാധകരും പോലീസുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ ആരാധകര്‍ക്കും ക്ലബ്ബ് സുരക്ഷ ഉറപ്പാക്കുമെന്നും ട്വീറ്റില്‍ പറയുന്നു. ഇത്തരത്തിലുള്ള ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം നടപടി സ്വീകരിക്കും. ഗോവയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

പോലീസുകാരും വളണ്ടിയര്‍മാരും പ്രത്യേകിച്ച കാരണമൊന്നുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗ്രൗണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന കാരണം പറഞ്ഞ് ലെസ്റ്ററിനെ ഗ്രൗണ്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ലെസ്റ്ററിനെ രക്ഷിക്കാനെത്തിയതോടെയാണ് രക്ഷിതാക്കള്‍ക്കും മര്‍ദനമേറ്റത്-ദൃക്‌സാക്ഷികള്‍ പറയുന്നു. 

TWEET

Content Highlights: FC Goa Fans got attacked by police and volunteers