ഫറ്റോര്‍ഡ: ആക്രമണം തന്നെയെന്ന ഗോവന്‍ താരങ്ങളുടെ തന്ത്രത്തിനു മുന്നില്‍ ഇത്തവണ തകര്‍ന്നടിഞ്ഞത് പുണെ സിറ്റി എഫ്.സി. ആറു ഗോളുകളും രണ്ട് ചുവപ്പു കാര്‍ഡുകളും പിറന്ന മത്സരത്തില്‍ എഫ്.സി ഗോവ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് പുണെ സിറ്റിയെ തകര്‍ത്തു.
സ്വന്തം മൈതാനത്ത് പുണെക്കെതിരേ ഗോവ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗോവയ്ക്കായി ഫെറാന്‍ കോറോ ഇരട്ട ഗോളുകള്‍ നേടി. മത്സരത്തിലുടനീളം ഗോവയ്ക്കു തന്നെയായിരുന്നു മുന്‍തൂക്കം. 66 ശതമാനം സമയവും പന്ത് ഗോവന്‍ താരങ്ങളുടെ കാലിലായിരുന്നു.
മത്സരത്തില്‍ പിറന്ന ആറു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ കോറോ ഗോവയെ മുന്നിലെത്തിച്ചു. എന്നാല്‍ വെറും മൂന്നു മിനിറ്റുകള്‍ക്കു ശേഷം മാഴ്‌സലീന്യോയിലൂടെ പുണെ തിരിച്ചടിച്ചു.
പിന്നാലെ 12-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസും 20-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങും ഗോവയുടെ ലീഡുയര്‍ത്തി. സ്‌കോര്‍ 3-1 ല്‍ നില്‍ക്കെ അല്‍ഫാരോയിലൂടെ 23-ാം മിനിറ്റില്‍ പുണെ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. പിന്നാലെ ഇരു ടീമുകളും ആക്രമിച്ചു കയറി. 35-ാം മിനിറ്റില്‍ ഗോവയ്ക്കാണ് ഇതിന്റെ ഫലം ലഭിച്ചത്. സീസണിലെ ആറാം ഗോളോടെ കോറോ ഗോവയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതേ സ്‌കോറില്‍ തന്നെ ഇരു ടീമുകളും ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ആല്‍ഫാരോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. എന്നാല്‍ രണ്ടു ചുവപ്പു കാര്‍ഡുകള്‍ റഫറി പുറത്തെടുത്തു. 86-ാം മിനിറ്റില്‍ എതിര്‍ താരത്തിനെതിരായ അനാവശ്യ ഫൗളിന് പുണെ സിറ്റിയുടെ ഡിയഗോ കാര്‍ലോസ് ചുവപ്പു കാര്‍ഡ് കണ്ടു. പിന്നാലെ മത്സരത്തിന്റെ അവസാന മിനിറ്റില്‍, കോറോയ്ക്കും ചുവപ്പു കാര്‍ഡ് ലഭിച്ചു.
ജയത്തോടെ 4 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ഗോവ ഒന്നാം സ്ഥാനത്തെത്തി. ഒരു പോയിന്റുമാത്രമുള്ള പുണെ അവസാന സ്ഥാനത്തും.
Content Highlights: FC Goa defeat Pune City 4-2 to go top of table