ചെന്നൈ: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി എഫ്.സി ഗോവ. നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോവ പരാജയപ്പെടുത്തിയത്. ഗോവയ്ക്കായി 12-ാം മിനിറ്റില്‍ സ്പാനിഷ് താരം എഡു ബീഡിയ, 53-ാം മിനിറ്റില്‍ ഫെറാന്‍ കോറോമിനസ്, 80-ാം മിനിറ്റില്‍ മൊര്‍ത്താദ എന്നിവര്‍ ഗോളുകള്‍ നേടി. ഇന്‍ജുറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ പ്രതിരോധ നിര താരം എലി സാബിയയാണ് ചെന്നൈയുടെ ആശ്വാസ ഗോള്‍ നേടിയത്.

സീസണിലെ ആദ്യ ഹോം മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിനയായി. മുന്നേറ്റനിര താരം ജെജെ ലാല്‍പെഖുവയുടെ മോശം ഫോം ചെന്നൈ ആക്രമണങ്ങളുടെ മുനയൊടിച്ചു. ആദ്യ പകുതിയില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ മുലതലാക്കാനാകാതിരുന്നതും ചെന്നൈക്ക് തിരിച്ചടിയായി. ലഭിച്ച രണ്ടു സുവര്‍ണാവസരങ്ങള്‍ അനിരുദ്ധ് ഥാപ്പ പുറത്തേക്കടിച്ചു കളയുകയായിരുന്നു.

സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തേ ആദ്യറൗണ്ടില്‍ ബെംഗളൂരു എഫ്സിയോട് ചെന്നൈ എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും മധ്യനിരയില്‍ കളി നിയന്ത്രിക്കുന്നതിലുമെല്ലാം ചെന്നൈയിനേക്കാള്‍ മികച്ചു നിന്നത് ഗോവയായിരുന്നു.

12-ാം മിനിറ്റില്‍ ലെന്നി റോഡ്രിഗസ് ബോക്‌സിലേക്കു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെന്നൈ താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്നാണ് എഡു ബീഡിയ ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ തിരിച്ചടിക്കാന്‍ ചെന്നൈ ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരിച്ചടിയായി. മധ്യനിരയില്‍ നിന്ന് ഭാവനാപൂര്‍ണമായ നീക്കങ്ങളൊന്നും ചെന്നൈയിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. 

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോവ ഒരു ഗോളിന് മുന്നിലായിരുന്നു. 53-ാം മിനിറ്റില്‍ ഫെറാന്‍ കോറോമിനസിലൂടെ ഗോവ ലീഡ് രണ്ടാക്കി ഉയര്‍ത്തി. വലതു മൂലയില്‍ നിന്ന് ഹ്യൂഗോ ബൗമസ് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ചെന്നൈ താരങ്ങള്‍ വൈകിയപ്പോള്‍ കൃത്യമായി സ്ഥലത്തുണ്ടായിരുന്ന കോറോ പന്ത് വലയിലെത്തിച്ചു.

80-ാം മിനിറ്റില്‍ ഹെഡറിലൂടെ മൊര്‍ത്താദ ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. പിന്നാലെ അധികസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ പ്രതിരോധനിര താരം എലി സാബിയാണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Content Highlights: FC goa, chennaiyin fc. isl 2108