കൊച്ചി: ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിലെ റഫറിയിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് രംഗത്ത്. ബെംഗളൂരു എഫ്.സിക്കായി സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരോപണം. 

ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ബെംഗളൂരുവിന് അനുകൂലമായ തീരുമാനമാണ് എടുത്തതെന്നും റഫറിയിങ് ഇങ്ങനെ ആണെങ്കില്‍ ജയിക്കാന്‍ പ്രയാസമാണെന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ബെംഗളൂരുവിനോട് 2-1ന് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍. 

ഒരു വ്യക്തിയുടെ മാത്രം കുറ്റമായി ഇതിനെ കാണാനാകില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ റഫറിയെ മാത്രം കുറ്റപ്പെടുത്താനാകില്ല. ഐ.എസ്.എല്ലില്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് കൊണ്ടുവരണം. ഡേവിഡ് ജെയിംസ് വ്യക്തമാക്കി. 

ബെംഗളൂരു പോലെ മികച്ചൊരു ടീമിനെ തോല്‍പ്പിക്കുക പ്രയാസമുള്ള കാര്യമാണ്. അങ്ങനെയൊരു ടീമിനെതിരെ ഇത്തരത്തില്‍ ഒരു തെറ്റായ തീരുമാനത്തോടെ കളി തുടങ്ങുക എന്നത് സങ്കടകരമായ കാര്യമാണ്. ജെയിംസ് കൂട്ടിച്ചേര്‍ത്തു. 

പുനെയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചിയിലെ ഗ്യാലറിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റഫറിയിങ്ങിനെതിരെ ആരോപണമുയരുന്നത്.

Content Highlights: David James On Kerala Blasters Loss vs Bengaluru FC ISL 2018