കൊച്ചി: ഐ.എസ്.എല്ലില്‍ ഇതുവരെ ഒരൊറ്റ വിജയം മാത്രം അക്കൗണ്ടിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിസന്ധിയിലാണ്. പുറത്താകലിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് അടുത്ത മത്സരം ചെന്നൈയിന്‍ എഫ്.സിയുമായിട്ടാണ്. അതിലും തോറ്റാല്‍ ബ്ലാസ്റ്റേഴ്‌സ് നോക്കൗട്ട് കാണാതെ പുറത്താകും. ഈ അവസരത്തില്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടത് ഒരു വിജയമാണ്. പറയുന്നത് മറ്റാരുമല്ല, പരിശീലകന്‍ ഡേവിഡ് ജെയിംസാണ്. 

യുവതാരങ്ങളുടെ ഭാവിയാണ് ടീം ലക്ഷ്യമിടുന്നത്. ഇതാണ് ഇപ്പോള്‍ പിന്തുടരുന്ന തന്ത്രം. ടീമിന്റെ ആത്മവിശ്വാസം കൂട്ടാന്‍ കഴിയുന്ന വിജയമാണ് നോട്ടം. ചെന്നൈയിന്‍ എഫ്സിക്കെതിരായ ദക്ഷിണേന്ത്യന്‍ ഡെര്‍ബി ഇതിനൊരു മികച്ച അവസരമാണെന്നും ജെയിംസ് പറയുന്നു. 

മികച്ച ടീമുകള്‍ക്ക് എതിരെയാണ് കേരളം തോറ്റത് എന്നാണ് ജയിംസിന്റെ വാദം. ബെംഗളൂരുവിനോടും ഗോവയോടും തോറ്റത് അംഗീകരിക്കാം. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനോട് ലീഡ് നേടിയ ശേഷം പരാജയപ്പെട്ടത് അംഗീകരിക്കാനാവില്ല. ലീഡ് നിലനിര്‍ത്താനാവാത്തതാണ് ടീമിന്റെ പ്രശ്നം. കളി മെനയുന്നതിലെയും താരങ്ങളെ കൈകാര്യം ചെയ്യുന്നതിലെയും അപാകതയാണിത്. മോശം പ്രകടനത്തിന് കാരണം താരങ്ങളുടെ ഫിറ്റ്നസ് പ്രശ്‌നങ്ങളല്ലെന്നും ജെയിംസ് വ്യക്തമാക്കി.

സി കെ വിനീതിന്റെ പ്രകടനത്തില്‍ ആശങ്കയില്ലെന്നും ഓരോ കളിക്കാരനും മത്സരത്തില്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും പരിശീലകന്‍ എന്ന നിലയില്‍ വിനീതിനെ മത്സരത്തിന് തയ്യാറാക്കുക എന്നത് മാത്രമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.

Content Highlights:  David James, Kerala Blasters need a confidence boosting win