കൊച്ചി:  ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇതിന്റെ പേരില്‍ ടീം ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്. പലപ്പോഴും ഇത് താരങ്ങള്‍ക്കെതിരെയുമാകുന്നു. ബ്ലാസ്‌റ്റേഴ്‌സിലെ മലയാളി താരം സി.കെ വിനീതിനേയും ഇത് ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള വിനീതിനെതിരായ വിമര്‍ശനം പലപ്പോഴും വ്യക്തിപരമായ അധിക്ഷേപമായി മാറുന്നു.

കലൂര്‍ സ്‌റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരശേഷം വിനീതിനെ ആരാധകര്‍ ചീത്ത വിളിച്ചിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ യഥാര്‍ത്ഥ ആരാധകരല്ലെന്നും ടീം തോല്‍ക്കുമ്പോഴും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ആരാധകരെന്നും വിനീത് പ്രതികരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ തനിക്കെതിരേ വരുന്ന അധിക്ഷേപങ്ങളെ കുറിച്ചും ആരാധകരോടുള്ള സ്‌നേഹത്തെ കുറിച്ചും പറയുകയാണ് സി.കെ വിനീത്. കലൂരില്‍ ടീമിന്റെ പരിശീലനത്തിനിടയിലായിരുന്നു വിനീത് പ്രതികരിച്ചത്. 

Read More: 'ഇത് എപ്പോഴും പറയണം'; കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ട്രോളി സഹല്‍ 

ആരാധകരുടെ ഈ രോഷത്തിന് ഇരയാകുന്ന ആദ്യ വ്യക്തി താനെല്ലെന്നും ആദ്യത്തെ കൊല്ലം മുഹമ്മദ് റാഫിയാണ് ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ കേട്ടിട്ടുള്ളതെന്നും വിനീത് പറഞ്ഞു. റിനോയും ഇതുപോലെ കേട്ടിട്ടുണ്ട്. ഇനി നാളെ ആരായിരിക്കും എന്നുള്ളത് മാത്രമേ അറിയാനുള്ളൂ. വിനീത് വ്യക്തമാക്കുന്നു. 

പലപ്പോഴും ആരാധകര്‍ നീയതു മിസ്സാക്കി എന്ന് മാത്രമേ പറയുന്നുള്ളു. എങ്ങനെ മിസ്സാക്കി, എന്തു മിസ്സാക്കി എന്നുള്ളതൊന്നും ആരും അന്വേഷിക്കുന്നില്ല. അങ്ങനെയുള്ള ചോദ്യങ്ങളുമില്ല. നീയതു മിസ്സാക്കി എന്നു മാത്രമേയുള്ളു. അതിന് പിന്നാലെ വരുന്നത് വളരെ മോശമായ കാര്യങ്ങളാണ്. സത്യം പറഞ്ഞാല്‍ ഇത് ഇപ്പോള്‍ എന്നോട് മാത്രമല്ല. ആദ്യത്തെ കൊല്ലം റാഫിച്ചിക്കയായിരുന്നു ഇത് കേട്ടിട്ടുണ്ടായിരുന്നത്. റിനോയുടെ അടുത്തുമുണ്ടായിരുന്നു. ഇനി നാളെ ആരായിരിക്കും എന്നുള്ളത് മാത്രമേയുള്ളു. 

Read More: 'ആരാധകരുമായി പ്രശ്നമുണ്ടാകുന്ന താരമല്ല വിനീത്'- പിന്തുണയുമായി അനസ് എടത്തൊടിക

ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എല്ലാ പ്ലെയേഴ്‌സും ഇവിടെ കളിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരുവിധം ഇന്ത്യയിലുള്ള എല്ലാവരും കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത് ഫാന്‍സിനെ കണ്ടിട്ടാണ്. ഫാന്‍സ് ഇങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെങ്കില്‍ നാളെ ആര് ഇങ്ങാട്ട് വരണോ വേണ്ടയോ എന്നുള്ളത്  എങ്ങനെ ആയിരിക്കും എന്നെനിക്കറിയില്ല. വിനീത് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച്ച ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റിനേ നേരിടുന്നതിന് മുമ്പ് വിനീത് പ്രതീക്ഷിക്കുന്നത് യഥാര്‍ത്ഥ ആരാധകരുടെ സ്‌നേഹമാണ്.'നിങ്ങള്‍ ജെനുവിന്‍ ആയിട്ടുള്ള ആള്‍ക്കാരുടെ സൗണ്ടാണ്  കേള്‍ക്കുന്നത്. ഞങ്ങള്‍ വീഴാന്‍ പോകുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ ഞങ്ങളെ താങ്ങി നിര്‍ത്താനായിരിക്കണം നിങ്ങള്‍ എന്നുള്ളതാണ്'. വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlights: CK Vineeth On Kerala Blasters Fans ISL 2018 Manjappada