കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ അതിരുവിടുന്നുവെന്ന് സി.കെ വിനീത്. ടീമിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും ആരാധകര്‍ക്കുണ്ടെന്നും എന്നാല്‍ ഇത് അതിരു കടക്കരുതെന്നും വീനീത് ഓര്‍മിപ്പിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പങ്കെടുത്ത ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയായിരുന്നു വിനീതിന്റെ പ്രതികരണം.

'നിങ്ങള്‍ ഞങ്ങളെ വിമര്‍ശിക്കണം. എന്താണ് മോശമെന്ന് പറയണം. പാസിങ് മോശമാണെങ്കില്‍ അത് പറയണം. ഗോള്‍ അടിക്കുന്നതാണ് മോശമെങ്കില്‍ അതു പറയണം. വിമര്‍ശിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളു. വിമര്‍ശിച്ചാലേ ഞങ്ങള്‍ നന്നാവൂ. പക്ഷേ വിമര്‍ശിക്കുന്നതിന് പകരം ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിക്കരുത്. ഒരു കളിയിലും തോല്‍ക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ കളിക്കുന്നത്'-വിനീത് പറയുന്നു. 

കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്തതിനാല്‍ ആരാധകര്‍ക്കിടയില്‍ നിന്ന് വന്‍ രോഷപ്രകടനമാണുണ്ടാകുന്നത്. ആരാധകരുടെ ഈ അതിരുവിട്ട പെരുമാറ്റത്തെ വിനീത് നേരത്തേയും വിമര്‍ശിച്ചിരുന്നു. 

ഒമ്പത്‌ മത്സരങ്ങളാണ് ഈ സീസണില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് വിജയിക്കാനായിട്ടില്ല. 

Content Highlights: CK Vineeth Kerala Blasters Fans Manjappada ISL 2018