ചെന്നൈ: നാലും മൂന്നും ഏഴു ഗോളുകള്‍ പിറന്ന ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആവേശകരമായ പതിനൊന്നാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നെയ്ന്‍ എഫ്.സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. രണ്ടു തവണ പിന്നില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തത്.
3-1 ന് പിന്നിലായിരുന്ന നോര്‍ത്ത് ഈസ്റ്റിനെ ഓഗ്ബെച്ചെയുടെ ഹാട്രിക്ക് മികവാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഹാട്രിക്കാണ് നോര്‍ത്ത് ഈസ്റ്റ് നായകന്റേത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഈ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരമായിരുന്നു ഇന്നത്തേത്.
ഹോം മത്സരത്തില്‍ നാലാം മിനിറ്റില്‍ റൗല്ലിന്‍ ബോര്‍ഗെസിന്റെ സെല്‍ഫ് ഗോളില്‍ ചെന്നെയ്നാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 15-ാം മിനിറ്റില്‍ തോയ് സിങ് ഹോം ടീമിന്റെ ലീഡുയര്‍ത്തി. എന്നാല്‍ വിട്ടുകൊടുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് തയ്യാറല്ലായിരുന്നു. രണ്ടു ഗോളിനു പിന്നിലായതോടെ അവരുടെ മധ്യനിര ഉണര്‍ന്നു കളിച്ചു. ആദ്യ പകുതിയില്‍ 63 ശതമാനവും പന്ത് നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ കാലിലായിരുന്നു.
തുടര്‍ച്ചയായ നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് ഒടുവില്‍ 29-ാം മിനിറ്റില്‍ ഫലം ലഭിച്ചു. നായകന്‍ ഓഗ്ബെച്ചെയുടെ ക്ലിനിക്കല്‍ ഫിനിഷ് ചെന്നെയ്ന്‍ ഗോള്‍കീപ്പര്‍ കരണ്‍ജിത്തിനെ നിഷ്പ്രഭനാക്കി.
മൂന്നു മിനിറ്റുകള്‍ക്കു ശേഷം തോയ് സിങ്ങിന്റെ രണ്ടാം ഗോളിലൂടെ ചെന്നൈ വീണ്ടും ലീഡെടുത്തു. എന്നാല്‍ 37, 39 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത ഓഗ്ബെച്ചെ, ചെന്നെയ്നെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിക്കുകയായിരുന്നു.
54-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന്റെ കടം തീര്‍ത്ത് റൗല്ലിന്‍ ബോര്‍ഗെസ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു, സ്‌കോര്‍ 4-3. നാലാം ഗോള്‍ നേടിയതിനു പിന്നാലെ പ്രതിരോധം ശക്തമാക്കിയ നോര്‍ത്ത് ഈസ്റ്റ് ചെന്നെയ്ന്‍ ആക്രമണങ്ങളെ നന്നായി പ്രതിരോധിച്ചു. ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ രണ്ടാം പകുതിയില്‍ പലപ്പോഴും നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷക്കെത്തി. ജെജെയെ കളത്തിലിറക്കി ഗോള്‍ നേടാനുള്ള ചെന്നെയ്‌ന്റെ ശ്രമങ്ങള്‍ പലപ്പോഴും നോര്‍ത്ത് ഈസ്റ്റ് ബോക്‌സില്‍ അപകടം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മയും പവന്‍ കുമാറും അതിന് വിലങ്ങുതടിയായി.
ഒടുവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നെയ്‌നെ അവരുടെ മൈതാനത്ത് വീഴ്ത്തി നോര്‍ത്ത് ഈസ്റ്റിന് വിജയത്തോടെ മടക്കം.
Content Highlights: chennaiyin fc vs northeast united isl