ചെന്നൈ: ഐ.എസ്.എല്‍ ഈ സീസണില്‍ ഒരു വിജയമെന്ന സ്വപ്‌നം ചെന്നൈയിന്‍ എഫ്.സിക്ക് ഇനിയും അകലെ. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ചെന്നൈയിന്‍ പരാജയപ്പെട്ടു. എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ചെന്നൈയിന്റെ തോല്‍വി. ആറു മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും അഞ്ച് തോല്‍വിയുമാണ് ചെന്നൈയിന്റെ സമ്പാദ്യം. ആറു മത്സരങ്ങളില്‍ മൂന്നാമത്തെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഇരുപതാം മിനിറ്റിലാണ് മുംബൈയുടെ വിജയഗോള്‍ വന്നത്. മോദോ സോഗൗയായിരുന്നു ഗോള്‍ സ്‌കോറര്‍. ഇടതു വിങ്ങില്‍ നിന്ന് റാഫേല്‍ ബാസ്റ്റോസ് നല്‍കിയ പാസ് സ്വീകരിച്ച സോഗൗയുടെ ആദ്യ ഷോട്ട് കരണ്‍ജിത് സേവ് ചെയ്തു. എന്നാല്‍ റീബൗണ്ട് വന്ന പന്ത് സോഗൗ കൃത്യമായി വലയിലെത്തിച്ചു. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിലും സെനഗല്‍ താരം ഗോള്‍ നേടിയിരുന്നു. 

രണ്ടാം പകുതിയില്‍ സമനില ഗോളിന് വേണ്ടിയായിരുന്നു ചെന്നൈയിന്റെ ശ്രമം. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആറു മത്സരങ്ങളില്‍ നിന്ന് ഒരൊറ്റ പോയിന്റ് മാത്രമാണ് ചെന്നൈയിന്റെ സമ്പാദ്യം. 10 പോയിന്റ് അക്കൗണ്ടിലുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്. 

Content Highlights: Chennaiyin FC vs Mumbai City FC ISL 2018