ബെംഗളൂരു:  പുണെയ്‌ക്കെതിരായ ഐ.എസ്.എല്‍ മത്സരത്തില്‍ ബെംഗളൂരുവിന്റെ വില്ലനും നായകനുമായി രാഹുല്‍ ബെക്കെ. ഒന്നിനെതിരെ രണ്ടു ഗോളിന് ബെംഗളുരു വിജയിച്ച മത്സരത്തില്‍ ബെക്കെ ഗോളും സെല്‍ഫ് ഗോളുമടിച്ചു. 

11-ാം മിനിറ്റില്‍ ഉദാന്ത സിങ്ങിലൂടെ ബെംഗളുരൂ ലീഡെടുത്തു. എന്നാല്‍ ആ ആഹ്ലാദം ഏറെ നീണ്ടു നിന്നില്ല. നാല് മിനിറ്റിനുള്ളില്‍ രാഹുല്‍ ബെക്കേയുടെ സെല്‍ഫ് ഗോളിലൂടെ പുണെ സമനില നേടി. 

കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ രാഹുല്‍ ബെക്കെ ആ സെല്‍ഫ് ഗോളിന്റെ ക്ഷീണം തീര്‍ത്തു. ഹാര്‍മോണ്‍ജോത് ഖബ്‌റയുടെ ക്രോസ്സ് വലയിലെത്തിക്കാന്‍ ബെക്കേയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

എട്ടു മത്സരങ്ങളില്‍ നിന്ന് ഏഴു വിജയവും ഒരു സമനിലയുമായി 22 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു. 10 മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുമായി ഒമ്പതാമതാണ് പുണെ.

 

Content Highlights: Bengaluru FC beat FC Pune City 2-1 Rahul Bheke ISL 2018