കൊല്‍ക്കത്ത: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ഇന്നു നടന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ എ.ടി.കെയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബെംഗളൂരു എഫ്.സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. 

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബെംഗളൂരു കൊല്‍ക്കത്തയില്‍നിന്ന് വിജയവുമായി മടങ്ങിയത്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ എ.ടി.കെയുടെ മൂന്നാം തോല്‍വിയാണിത്. 15-ാം മിനിറ്റില്‍ ഇന്ത്യയുടെ അണ്ടര്‍ 17 താരം കോമള്‍ തട്ടാലിലൂടെ എ.ടി.കെയാണ് ആദ്യം മുന്നിലെത്തിയത്. എവര്‍ട്ടന്‍ സാന്റോസ് നല്‍കിയ ത്രൂ പാസ്, കോമള്‍ തട്ടാല്‍ വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഒന്നാം പകുതിക്ക് അനുവദിച്ച അധികസമയത്ത് മിക്കുവിലൂടെ ബെംഗളൂരു ഒപ്പമെത്തി. ഫ്രീ കിക്കിലൂടെയായിരുന്നു മിക്കുവിന്റെ ഗോള്‍. ഗോള്‍ നേടിയതോടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെംഗളൂരു ആക്രമിച്ച് കയറുകയായിരുന്നു. 47-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിലേക്കു വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ എ.ടി.കെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് എറിക് പാര്‍ത്താലു ബെംഗളൂരുവിനെ മുന്നിലെത്തിച്ചു.

പലപ്പോഴും മത്സരം പരുക്കനായതോടെ റഫറി ആറു തവണയാണ് മഞ്ഞ കാര്‍ഡ് പുറത്തെടുത്തത്. ജയിച്ചെങ്കിലും പത്തു പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. സാള്‍ട്ട്‌ലേക്കില്‍ ആദ്യം ഗോള്‍ നേടി എന്നതൊഴിച്ചാല്‍ ഗോള്‍ പൊസഷനിലും മുന്നേറ്റത്തിലും ബെംഗളൂരുവിന്റെ മുന്നേറ്റമായിരുന്നു.

Content Highlights: Bengaluru FC beat ATK