ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ബെംഗളൂരു എഫ്.സി. ഈ വര്‍ഷം ഫൈനലിലെത്തുന്ന ആദ്യ ടീമാകാനും ബെംഗളൂരുവിനായി.

ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ട ബെംഗളൂരു രണ്ടാം പാദത്തില്‍ അവരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫൈനലില്‍ കടന്നത്. ഇരുപാദങ്ങളിലുമായി 4-2 ന്റെ ജയം.

മിക്കു, ഡിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. ജയം ആവശ്യമായ മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിടുകയായിരുന്നു ബെംഗളൂരു. എന്നാല്‍ മിക്കു അവസരങ്ങള്‍ പാഴ്ക്കിയപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ മിക്കു തന്നെ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. 72-ാം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്നുള്ള ഉദാന്ത സിങ്ങിന്റെ ക്രോസ് മിക്കു പിഴവുകളൊന്നുമില്ലാതെ വലയിലെത്തിക്കുകയായിരുന്നു. 87-ാം മിനിറ്റില്‍ ഉദാന്തയുടെ മുന്നേറ്റത്തില്‍ നിന്നാണ് ബെംഗളൂരു രണ്ടാം ഗോള്‍ നേടിയത്. സ്വന്തം ഹാഫില്‍ നിന്ന് ഒറ്റയ്ക്ക് കുതിച്ച ഉദാന്ത ചിപ് ചെയ്ത പന്ത് ബാറില്‍ തട്ടി നേരെയെത്തിയത് ഡിമാസിന്റെ കാലിലേക്കായിരുന്നു. ഡിമാസ് പന്തിനെ പോസ്റ്റിന്റെ വലതുമൂലയിലെത്തിച്ചു. അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഛേത്രി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

17-ന് മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ എഫ്.സി ഗോവ-മുംബൈ സിറ്റി മത്സരത്തിലെ വിജയിയായിരിക്കും ബെംഗളൂരുവിന്റെ എതിരാളികള്‍.

Content Highlights: Bengaluru beat Northeast United through to ISL final for 2nd consecutive year