ചെന്നൈ: സ്വന്തം മൈതാനത്ത് ചെന്നൈയിന്‍ എഫ്.സിക്ക് വീണ്ടും തോല്‍വി. എ.ടി.കെയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ചെന്നൈയിനെ പരാജയപ്പെടുത്തിയത്. ഹാന്‍ഡ് ബോളുകള്‍ കാരണം അനുവദിച്ച രണ്ടു പെനാല്‍റ്റികളാണ് ചെന്നൈയിനിന്റെ വിധിയെഴുതിയത്. 

രണ്ടു പെനാല്‍റ്റികളും ലാന്‍സരോട്ടെ വലയിലെത്തിക്കുകയായിരുന്നു. 14-ാം മിനിറ്റില്‍ ജയേഷ് റാണയിലൂടെ എ.ടി.കെയാണ് മുന്നിലെത്തിയത്. 30 വാര അകലെനിന്നുള്ള ജയേഷിന്റെ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയിലെത്തുകയായിരുന്നു. മുന്‍ ചെന്നൈയിന്‍ താരമായ ജയേഷ് ഗോള്‍ നേട്ടം ആഘോഷിക്കാതിരുന്നത് ശ്രദ്ധേയമാകുകയും ചെയ്തു.

ഇതിനിടെ ലഭിച്ച മികച്ച അവസരങ്ങള്‍ തോയ് സിങ് പാഴാക്കി. 24-ാം മിനിറ്റില്‍ അദ്ദേഹം ഇതിന് പ്രായശ്ചിത്തം ചെയ്തു. കോര്‍ണര്‍ കിക്ക് എ.ടി.കെ പ്രതിരോധത്തെ കബളിപ്പിച്ച് തോയ് സിങ് വലയിലെത്തിച്ചു, ചെന്നൈയിന് സമനില. 

ആദ്യ പകുതി സമനിലയിലേക്ക് നീങ്ങുമ്പോഴാണ് 44-ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയിന്‍ താരം എലി സാബിയയുടെ കൈയില്‍ പന്ത് തട്ടുന്നത്. പന്ത് വലയിലെത്തിച്ച് ലാന്‍സറോട്ടെ എ.ടി.കെയെ മുന്നിലെത്തിച്ചു. 

78-ാം മിനിറ്റിലായിരുന്നു അടുത്ത ഹാന്‍ഡ് ബോള്‍. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ചെന്നൈയിന്‍ താരത്തിന്റെ കൈയില്‍ പന്ത് തട്ടിയത്. പെനാല്‍റ്റി വലയിലെത്തിച്ച ലാന്‍സരോട്ടെ എ.ടി.കെയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

88-ാം മിനിറ്റില്‍ ഐസാക്കിലൂടെ ചെന്നൈയിന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. വിജയത്തോടെ എ.ടി.കെ അഞ്ചാം സ്ഥനത്തേക്കുയര്‍ന്നു. ചെന്നൈയിന്‍ എട്ടാമതാണ്.

Content Highlights: ATK secure 3-2 win in thrilling encounter against Chennaiyin