കൊച്ചി: ആരാധകരുമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിനീത് വിമര്‍ശിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അനസിന്റെ പ്രതികരണം. 

'ഞാന്‍ വിനീതുമായി സംസാരിച്ചിരുന്നു. അങ്ങനെയൊരു വാര്‍ത്ത എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നാണ് അവന്‍ പറഞ്ഞത്.  പറയത്താതും ചെയ്യാത്തതുമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടുകളായി വന്നതെന്നും ആരാധകരെ വിമര്‍ശിച്ചിട്ടില്ലെന്നും വിനീത് എന്നോട് പറഞ്ഞു.' അനസ് വ്യക്തമാക്കി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അനസിന്റെ പ്രതികരണം. 

കൊച്ചിയില്‍ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിന് ശേഷം വിനീത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കുന്ന ആരാധകര്‍ യഥാര്‍ത്ഥ ആരാധകരല്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടാകില്ലെന്നും വിനീത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യഥാര്‍ത്ഥ ആരാധകര്‍ ഒരു ടീമിന്റെ വിജയത്തിലും തോല്‍വിയും ഒരുപോലെ കൂടെ നില്‍ക്കുന്നവരാകുമെന്നും എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും എല്ലാത്തിനേയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരാണെന്നും വിനീത് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ മത്സരശേഷം അസഭ്യം പറഞ്ഞും കൂവിവിളിച്ചുമാണ് വിനീതിനെ ആരാധകര്‍ യാത്രയാക്കിയത്. പിന്നാലെ സോഷ്യല്‍ മീഡിയയിലും അധിക്ഷേപം തുടര്‍ന്നു. അതേസമയം ജെംഷഡ്പുരിനെതിരായ മത്സരത്തില്‍ സമനില ഗോള്‍ കണ്ടെത്തിയ വിനീത് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. 11 ഗോളോടെ ഇയാന്‍ ഹ്യൂമിനെയാണ് വിനീത് പിന്നിലാക്കിയത്.

Content Highlights: Anas Edathidika supports CK Vineeth Kerala Blasters Manjappada ISL 2018