ന്യൂഡല്‍ഹി: ഐ.എസ്.എല്ലിലെ പ്രായത്തട്ടിപ്പ് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണം നടത്തുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ജംഷേദ്പുര്‍ എഫ്.സിയുടെ കൗമാര താരം ഗൗരവ് മുഖിക്കെതിരേയാണ് തട്ടിപ്പ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏഴാം തീയതി നടന്ന ബെംഗളൂരു എഫ്.സി - ജംഷേദ്പുര്‍ മത്സരത്തിലാണ് ഐ.എസ്.എല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്ന വിശേഷണത്തോടെയാണ് ഗൗരവ് മുഖി കളിക്കാനിറങ്ങിയത്. 16 വയസാണ് ഗൗരവ് മുഖിക്കെന്ന് ഐ.എസ്.എല്‍ അധികൃതരും പറഞ്ഞിരുന്നു. കമന്റേറ്റര്‍മാരും ഇത്തരത്തില്‍ തന്നെയാണ് താരത്തെ പരിചയപ്പെടുത്തിയത്.

പകരക്കാരനായി ഇറങ്ങി ഗോളടിച്ച താരത്തിന് പക്ഷേ പ്രായം 16 അല്ല 19 ആണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ റെക്കോഡ് സംബന്ധിച്ച വിവരങ്ങള്‍ക്കായി എ.ഐ.എഫ്.എഫിനെ സമീപിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്.

2015-ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. എന്നാല്‍ ടൂര്‍ണമെന്റ് വിജയിച്ച ജാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ എ.ഐ.എഫ്.എഫ് കിരീടം തിരിച്ചുവാങ്ങിയിരുന്നു. ഇതില്‍ പ്രായത്തട്ടിപ്പ് നടത്തിയവരില്‍ ഗൗരവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗൗരവ് മുഖിയുടെ ജനനം 2002-ലാണ് എന്നായിരുന്നു എ.ഐ.എഫ്.എഫിന്റെയും ഐ.എസ്.എലിന്റെയും റെക്കോര്‍ഡുകളില്‍ ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും 1999-ലാണ് ഗൗരവ് ജനിച്ചത് എന്നും എ.ഐ.എഫ്.എഫ് വക്താവ് അറിയിച്ചു.

ഇക്കാര്യം കളിക്കാരുടെ സ്റ്റാറ്റസ് കമ്മിറ്റി അന്വേഷിക്കുമെന്ന് എ.ഐ.എഫ്.എഫ് വ്യക്തമാക്കി. ഇക്കാര്യം ബന്ധപ്പെട്ട കമ്മിറ്റികഗളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ ഇക്കാര്യം അന്വേഷിക്കുമെന്നും എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.

Content Highlights: AIFF to probe Jamshedpur FC’s Gourav Mukhi age discrepancy issue