ന്യൂഡല്‍ഹി: ഐ.എസ്.എല്ലിലെ പ്രായത്തട്ടിപ്പ് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണം നേരിടുന്ന ജംഷേദ്പുര്‍ എഫ്.സി താരം ഗൗരവ് മുഖിയെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ  (എ.ഐ.എഫ്.എഫ്) അച്ചടക്ക സമിതി അനിശ്ചിത കാലത്തേക്ക് വിലക്കി. അന്വേഷണത്തില്‍ അന്തിമ വിധി വരുന്നതു വരെ ഈ വിലക്ക് നിലനില്‍ക്കും. ഇക്കാലയളവില്‍ താരത്തിന് ഒരു മത്സരത്തിലും പങ്കെടുക്കാനാവില്ല. 

അതേസമയം നവംബര്‍ 24-ന് അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാന്‍ ഗൗരവ് മുഖിയോട് നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ ഗൗരവ് മുഖിയുടെ വാദം കേള്‍ക്കാനാണിത്.

ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ഒക്ടോബര്‍ ഏഴിന് ബെംഗളൂരുവിൽ നടന്ന ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിലാണ് ഗൗരവ് മുഖിയുടെ പ്രായത്തട്ടിപ്പ് പുറത്തുവന്നത്. ഈ  മത്സരത്തിൽ മുഖി ഗോൾ നേടിയിരുന്നു. ഐ.എസ്.എല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്ന വിശേഷണത്തോടെയാണ് ഗൗരവ് മുഖി കളിക്കാനിറങ്ങിയത്. 16 വയസാണ് ഗൗരവ് മുഖിക്കെന്ന് ഐ.എസ്.എല്‍ അധികൃതരും പറഞ്ഞിരുന്നു. കമന്റേറ്റര്‍മാരും ഇത്തരത്തില്‍ തന്നെയാണ് താരത്തെ പരിചയപ്പെടുത്തിയത്.

എന്നാല്‍, ഫുട്‌ബോള്‍ താരങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സെന്‍ട്രലൈസ്ഡ് രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ (സി.ആര്‍.എസ്) ഗൗരവ് മുഖി ആദ്യം സമര്‍പ്പിച്ച ജനന തിയ്യതി 04/05/1999 ആയിരുന്നു. പിന്നീട് സമര്‍പ്പിച്ച രേഖകളില്‍ ജനന തിയ്യതി 04/05/2002 എന്നാണ് ഉള്ളത്. വിവിധ മാധ്യമങ്ങള്‍ റെക്കോഡ് സംബന്ധിച്ച വിവരങ്ങള്‍ക്കായി എ.ഐ.എഫ്.എഫിനെ സമീപിച്ചപ്പോഴാണ് കള്ളി  വെളിച്ചത്തായത്. 

2015-ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. എന്നാല്‍ ടൂര്‍ണമെന്റ് വിജയിച്ച ജാര്‍ഖണ്ഡില്‍ നിന്നും പ്രായത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ എ.ഐ.എഫ്.എഫ് കിരീടം തിരിച്ചുവാങ്ങിയിരുന്നു. ഇതില്‍ പ്രായത്തട്ടിപ്പ് നടത്തിയവരില്‍ ഗൗരവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഗൗരവ് മുഖിയുടെ ജനനം 2002-ലാണ് എന്നായിരുന്നു എ.ഐ.എഫ്.എഫിന്റെയും ഐ.എസ്.എല്ലിന്റെയും രേഖകളിൽ  ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും 1999-ലാണ് ഗൗരവ് ജനിച്ചതെന്നും എ.ഐ.എഫ്.എഫ് വക്താവ് അറിയിച്ചു. ഇക്കാര്യം കളിക്കാരുടെ സ്റ്റാറ്റസ് കമ്മിറ്റി അന്വേഷിക്കുമെന്ന് എ.ഐ.എഫ്.എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: aiff summons gourav mukhi for hearing suspended till final decision is reached