മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ഇതില്‍ കൂടുതലൊന്നും സംഭവിക്കാനില്ല. ഇതിലും വലിയൊരു ദുരന്തം ഇനി ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരും ഏറ്റുവാങ്ങാനില്ല. മുംബൈ ഫുട്‌ബോള്‍ അറീനയില്‍ കളിയെന്തന്നറിയാതെ 11 പേര്‍ നട്ടം തിരിഞ്ഞപ്പോള്‍ ആതിഥേയര്‍ അടിച്ചുകൂട്ടിയത് ആറു ഗോളുകളാണ്. അതില്‍ സെനഗല്‍ താരം മോഡു സൗഖുവിന്റെ നാല് ഗോളും. ഐ.എസ്.എല്ലില്‍ ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും ഇനി ഈ സെനഗലുകാരന് സ്വന്തം. 

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. വിജയത്തോടെ 12 മത്സരങ്ങളില്‍ 24 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഒരൊറ്റ വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്. 

കളിയുടെ തുടക്കത്തില്‍ തന്നെ മുംബൈ നിലപാട് വ്യക്തമാക്കിയിരുന്നു. 12-ാം മിനിറ്റില്‍ മക്കാഡോയുടെ ക്രോസില്‍ നിന്ന് മോഡുവിന്റെ ആദ്യ ഗോളെത്തി. 1-0. മൂന്നു മിനിറ്റിനുള്ളില്‍ മോഡുവിന്റെ അടുത്ത ഗോളെത്തി. റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ ബോക്‌സിന് പുറത്ത് നിന്ന് മോഡു തൊടുത്ത ഷോട്ട് വലയിലേക്ക്. മുംബൈ 2-0 ബ്ലാസ്റ്റേഴ്സ്. 

27-ാം മിനിറ്റില്‍ ദുംഗല്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസവുമായെത്തി. 2-1. സഹല്‍ എടുത്ത് മുന്നേറിയ പന്തില്‍ നിന്നായിരുന്നു ദുംഗലിന്റെ ഗോള്‍.
എന്നാല്‍ ഇതിന് മൂന്നു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. സുഭാഷിശ് ബോസിന്റെ അസിസ്റ്റില്‍ മോഡുവിന്റെ കിടിലന്‍ ഹെഡ്ഡര്‍ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. 3-1. 

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് വീണ്ടും ബ്ലാസ്റ്റേഴ്സിന് പ്രഹരമേറ്റു. റാഫേല്‍ ബാസ്റ്റോസിനെ ഫൗള്‍ ചെയ്ത സക്കീര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. ബ്ലാസ്റ്റേഴ്സ് പത്ത് പേരിലേക്ക് ചുരുങ്ങി. അര്‍ണാള്‍ഡോ ഇസോക്കുവിനെ ഫൗള്‍ ചെയ്തതിന് 35-ാം മിനിറ്റില്‍ സക്കീര്‍ ആദ്യ മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു.

രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് കളിക്കാനൊന്നും ഉണ്ടായിരുന്നില്ല. പത്ത് പേരിലേക്ക് ചുരുങ്ങിയതോടെ ഇനി എന്ത് എന്ന ഭാവമായിരുന്നു. 70-ാം മിനിറ്റില്‍ റാഫേല്‍ ബാസ്റ്റോസിന്റേതായിരുന്നു ഊഴം. മുംബൈ 4-1. അടുത്തത് യുറഗ്വായ് താരം മിറാബാഹയുടെ ഊഴമായിരുന്നു. ഒരു ലോങ് റേഞ്ചറിലൂടെ മിറാബാഹെ ബ്ലാസ്‌റ്റേഴ്‌സിന്റെ നെറ്റിയില്‍ ആണിയടിച്ചു. 5-1. മത്സരത്തിന്റെ ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് മോഡു ചരിത്രമെഴുതി തന്റെ നാലാം ഗോള്‍ കുറിച്ചു. ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നു തരിപ്പണമായി തല താഴ്ത്തി മടങ്ങി. 6-1. 

 

 

Content Highlights: Kerala Blasters vs Mumbai City FC ISL 2018