കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി. സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്.സിയോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. 80-ാം മിനിറ്റില്‍ സെര്‍ബിയന്‍ താരം നിക്കോള ക്രമരവിച്ച് (80) വഴങ്ങിയ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. മിക്കു നല്‍കിയ പാസ് ഛേത്രി, ജിംഗാനെ വെട്ടിച്ച് വലയിലെത്തിച്ചു. ഛേത്രി ഓഫ്‌സൈഡായിരുന്നെങ്കിലും റഫറി അത് കണ്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫൗളിനായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ പിന്നീട് ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് 30-ാം മിനിറ്റില്‍ സമനില പിടിക്കുകയായിരുന്നു. ബോക്‌സില്‍ സഹല്‍ അബ്ദുല്‍ സമദിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി സ്റ്റോയനോവിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ബോക്‌സിലേയ്ക്ക് പന്തുമായി കുതിക്കുകയായിരുന്ന സഹലിനെ നിഷു കുമാര്‍ പിറകില്‍ നിന്ന് വീഴ്ത്തുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മിക്കുവും ഡീമാസും പാര്‍ത്താലുവും ചേര്‍ന്ന മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. തുടക്കത്തില്‍ പന്തിന്‍മേലുള്ള ആധിപത്യം ബെംഗളൂരുവിനായിരുന്നു. രാഹുല്‍ ബേഖെയുടെ ലോങ് റേഞ്ചറുകള്‍ നവീന്‍ കുമാറിനെ വെല്ലുവിളു സൃഷ്ടിക്കുന്നതായിരുന്നു.
വൈകാതെ മത്സരത്തിലേക്കു തിരിച്ചു വന്ന ബ്ലാസ്‌റ്റേഴ്‌സിനായി വിങ്ങുകളിലൂടെ മലയാളി താരം പ്രശാന്തും ലെണ്‍ഡുംഗലും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പിഴവ് വിനയാകുകയായിരുന്നു. 23-ാം മിനിറ്റില്‍ പ്രശാന്തിന്റെ ഗോള്‍ ശ്രമം ഗുര്‍പ്രീത് രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നാലെ മുക്കുവിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം ബോക്‌സിലിടിച്ച് മടങ്ങിയത് കേരളത്തിന് ആശ്വാസമായി.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. ഇതിനിടെ ഫ്‌ളഡ് ലൈറ്റ് തകരാറിനെ തുടര്‍ന്ന് മത്സരം പത്തു മിനിറ്റോളം വൈകുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ തണുപ്പന്‍ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്.
77-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം വിനീത് പഴാക്കിയില്ലായിരുന്നുവെങ്കില്‍ സമനില കൊണ്ട് ബ്ലാസ്റ്റേഴ്‌സിന് മടങ്ങാമായിരുന്നു. നേരത്തെ രണ്ടാം മിനിറ്റിലും വിനീത് ലഭിച്ച അവസരം പാഴാക്കിയിരുന്നു. 77-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കെയാണ് വിനീത് പന്ത് പുറക്കേക്കടിച്ചു കളഞ്ഞത്. പ്രശാന്തിന്റെ മികച്ചൊരു പാസ് ഗോളിലേക്കു തിരിച്ചുവിടേണ്ട കാര്യമേ വിനീതിന് ഉണ്ടായിരുന്നുള്ളൂ. ഗോള്‍ നഷ്ടമായതിന്റെ നിരാശയില്‍ സെറാനുമായി കയ്യാങ്കളിയിലേര്‍പ്പെട്ട വിനീതിന് 79-ാം മിനിറ്റില്‍ മഞ്ഞ കാര്‍ഡ് ലഭിച്ചു. സെറാനും റഫറി മഞ്ഞ കാര്‍ഡ് നല്‍കി.
മത്സരം സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തിലാണ് 80-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ഭാഗ്യം. നിക്കോള ക്രമരവിച്ചിന്റെ കാലില്‍ നിന്ന് സെല്‍ഫ് ഗോള്‍ വീണത്. ഹെര്‍ണാണ്ടസിന്റെ ഷോട്ട് ഗോളിയുടെ കാലില്‍ തട്ടി നേരെയെത്തിയത് ക്രാമരവിച്ചിന്റെ കാലില്‍. പന്ത് വഴിതിരിഞ്ഞ് നേരെ വലയിലും.
സഹലിനു പകരം കറേജ് പെക്കൂസനും ലെന്‍ദുംഗലിനു പകരം ഹാലിചരണ്‍ നര്‍സാരിയും ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പകരക്കാരായെത്തി. ഈ ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് പതിമൂന്ന് പോയിന്റായ ബെംഗളൂരു പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായി. ആറു കളികളില്‍ നിന്ന് ഏഴു പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുകയാണ്. ഒരു ജയത്തിനും പിന്നീട് തുടര്‍ച്ചയായ നാല് സമനിലകള്‍ക്കും ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഈ തോല്‍വി ഏറ്റുവാങ്ങുന്നത്. ബെംഗളൂരുവിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. അവരും ഇതുവരെ തോറ്റിട്ടില്ല. ഞായറാഴ്ച എഫ്.സി ഗോവയ്‌ക്കെതിരെ ഇതേ മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.
Content Highlights: kerala blasters vs bengaluru fc live blog