കൊച്ചി: എങ്ങനെ കളിക്കണമെന്ന് ഗോവ കാണിച്ചുതന്നപ്പോള്‍ കളിക്കാന്‍ മറന്നുപോയ ബ്ലാസ്‌റ്റേഴ്‌സിന് ഐ.എസ്.എല്ലില്‍ വീണ്ടും തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം. കോറോമിനാസ് ഇരട്ട ഗോളടിച്ചപ്പോള്‍ മന്‍വീര്‍ സിങ്ങിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. കളിയുടെ അവസാന മിനിറ്റിലെ ഗോളിലൂടെ നിക്കോള കിര്‍മാരേവിച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നു.

അഞ്ചു മാറ്റങ്ങളുമായി, ടീമിനെ ഉടച്ചുവാര്‍ത്താണ് ഡേവിഡ് ജെയിംസ് ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ഗോവയെ നേരിടാനൊരുങ്ങിയത്. അനസ് എടത്തൊടിക ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ അരങ്ങേറിയപ്പോള്‍ സി.കെ വിനീതും സഹലും ആദ്യ ഇലവനില്‍ സ്ഥാനം നേടിയില്ല. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ഗോവയുടെ കോറോമിനാസിന്റെ മുന്നേറ്റങ്ങള്‍ ഗാലറിയെ ത്രസിപ്പിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ, മധ്യനിര, മുന്നേറ്റ വ്യത്യാസമില്ലാതെ വീണുരുണ്ടു.

മത്സരം തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ കോറോമിനാസിലൂടെ ഗോവ ലീഡെടുത്തു. അഹമ്മദ് ജൗഹുഹുവിന്റെ ക്രോസില്‍ ഉയര്‍ന്നു ചാടിയുള്ള കോറോമിനാസിന്റെ ഹെഡ്ഡര്‍ വലയുടെ മൂലയില്‍ വിശ്രമിച്ചു. ഗോവ 1-0 ബ്ലാസ്റ്റേഴ്സ്.

corominas
കോറോയുടെ ആഘോഷം   ഫോട്ടോ: ഐ.എസ്.എല്‍

 

പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോള്‍ വന്നത്. കോറോ പന്ത് പാസ് ചെയ്യുന്നതും പ്രതീക്ഷിച്ചു നിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കോറോമിനാസ് നേരിട്ട് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. പോസ്റ്റിന്റോ വലതുമൂല ലക്ഷ്യം വെച്ച കോറോയ്ക്ക് പിഴച്ചില്ല. ഗോവ 2-0 ബ്ലാസ്റ്റേഴ്സ്.

57-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങിന് ഗോവന്‍ കോച്ച് കളത്തിലിറക്കിയ മന്‍വീര്‍ സിങ്ങ് ബ്ലാസ്‌റ്റേഴ്‌സിന്റെ നെറ്റിയില്‍ അവസാന ആണിയും അടിച്ചു. ഗ്രൗണ്ടിലെത്തി 11 മിനിറ്റിനുള്ളില്‍ മന്‍വീര്‍ ലക്ഷ്യം കണ്ടു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കോര്‍ണറില്‍ മന്‍വീര്‍ സിങ്ങിന്റെ ഹെഡ്ഡര്‍, ഗോവ 3-0 ബ്ലാസ്‌റ്റേഴ്‌സ്. 

ഒരു ഗോളെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് അടിച്ചിരുന്നെങ്കിലെന്ന് പ്രാര്‍ത്ഥിച്ച ആരാധകരുടെ മുഖത്ത് ആശ്വാസം പകര്‍ന്ന് നിക്കോള കിര്‍മാരേവിച്ച് ഗോവയുടെ വല  ചലിപ്പിച്ചു. ഇഞ്ചുറി ടൈമിലെ ആ ഗോള്‍ വന്നത് ജിങ്കന്റെ ക്രോസില്‍ നിന്നായിരുന്നു. ഗോവ 3-1 ബ്ലാസ്‌റ്റേഴ്‌സ്. വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാം സ്ഥാനത്താണ്. 

Live Blog