ന്യൂഡല്‍ഹി: ഇടവേള കഴിഞ്ഞ് വീണ്ടും ആരംഭിച്ച ഐ.എസ്.എല്‍ അഞ്ചാം സീസണിലെ പത്താം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ അമര്‍ തമര്‍ കൊല്‍ക്കത്തയ്ക്ക് വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത ഡല്‍ഹിയെ മറികടന്നത്. 

അഞ്ചാം സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ വിജയമാണിത്. 20-ാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങിലൂടെ കൊല്‍ക്കത്തയാണ് ആദ്യം മുന്നിലെത്തിയത്. ലാന്‍സരോട്ടെ നല്‍കിയ ഫസ്റ്റ് ടച്ച് പാസ് കൈക്കലാക്കിയ ബല്‍വന്ത്, ഡല്‍ഹിയുടെ ഗോള്‍ കീപ്പറെ നിഷ്പ്രഭനാക്കി പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചു. കൊല്‍ക്കത്തയുടെ ഈ സീസണിലെ ആദ്യ ഗോളാണിത്.

ആദ്യ പകുതിയില്‍ മുന്നേറ്റങ്ങളില്‍ മികച്ചു നിന്നത് കൊല്‍ക്കത്തയായിരുന്നു. ആദ്യ പകുതി കൊല്‍ക്കത്തയുടെ മുന്നേറ്റത്തില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഗോള്‍ നേടാനുറച്ചാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. അതിന് നായകനിലൂടെ തന്നെ ഫലം ലഭിക്കുകയും ചെയ്തു. 54-ാം മിനിറ്റില്‍ പ്രീതം കോട്ടാള്‍, ഡല്‍ഹിയെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകളും തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ലീഡെടുക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങളാണ് ഡല്‍ഹി തുലച്ചത്. അതിന് അവര്‍ക്ക് വില കൊടുക്കേണ്ടിയും വന്നു. പകരക്കാരനായി ഇറങ്ങിയ നൊസ്സൈര്‍ എല്‍ മൈമുനിയിലൂടെ കൊല്‍ക്കത്ത രണ്ടാം ഗോള്‍ നേടി. പിന്നീട് തിരിച്ചടിക്കാനുള്ള ഡല്‍ഹിയുടെ ശ്രമങ്ങള്‍ കൊല്‍ക്കത്ത പ്രതിരോധം ഫലവത്തായി നേരിട്ടു. 

മൂന്നു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി ഡല്‍ഹി എട്ടാം സ്ഥാനത്തും.

Content Highlights: isl 2018