.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഹോം മാച്ചിനൊരുങ്ങുന്നു. ആദ്യമത്സരത്തില്‍ എടികെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയ്‌ക്കെതിരെ ഇറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി വിങ്ങര്‍ കെ.പ്രശാന്ത് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ദുരന്തം നല്‍കുന്ന ഒത്തൊരുമ

കേരളം നേരിട്ട ദുരന്തത്തെ കുറിച്ച് മലയാളി താരങ്ങള്‍ക്ക് മാത്രമല്ല, ടീമിലെ എല്ലാവര്‍ക്കുമറിയാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും വിദേശ താരങ്ങള്‍ക്കുമെല്ലാം. ബ്ലാസ്റ്റേഴ്‌സിന്റെ വീഡിയോയിലും മറ്റും പറയുന്നതിനപ്പുറം ദുരിതം നേരിട്ടവര്‍ക്കുവേണ്ടി കൂടിയാണ് നമ്മള്‍ കളിക്കുന്നതെന്ന് എല്ലാവര്‍ക്കുമൊരു ബോധ്യമുണ്ട്. മലയാളികള്‍ക്ക് മാത്രമേ ആ ഒരു വികാരമുള്ളൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍, വിദേശ താരങ്ങള്‍ക്കുള്‍പ്പെടെ അതറിയാമെന്ന് ടീം മീറ്റിങ്ങുകളില്‍ നിന്നാണ് മനസ്സിലായത്. അതിനാല്‍ നൂറു ശതമാനവും നല്‍കാനാണ് ഓരോ കളിക്കാരനും ശ്രമിക്കുന്നത്. നല്ലൊരു റിസല്‍ട്ട് തന്നെ ഇത്തവണ പ്രതീക്ഷിക്കാം.

യുവനിരയുടെ ഊര്‍ജവും കെട്ടുറപ്പും

ഇത്തവണ ഒരു മാര്‍ക്വീ പ്ലെയര്‍ ഇല്ല. പ്രശസ്തരായ അധികം താരങ്ങളില്ല. വളരെ യങ് ആണ് ഇത്തവണത്തെ ടീം. 23-24 വയസ്സുള്ളവരാണ് ടീമില്‍ കൂടുതലും. ആ ഒരു ഊര്‍ജം നമുക്കെന്തായാലും കളിയില്‍ കാണാനാകും. ആദ്യ മത്സരത്തില്‍ അത് കാണുകയും ചെയ്തു. എടികെയുടെ ഹോമില്‍ നമ്മള്‍ ഇതുവരെ ജയിച്ചിട്ടില്ല. അവിടെ 2-0ന് ജയിച്ചു. എല്ലാവരും ആത്മവിശ്വാസത്തോടെ കളിച്ചു. പ്രീസീസണ്‍ മത്സരങ്ങള്‍ ടീമിന്റെ കെട്ടുറപ്പിനെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല അതിപ്രശസ്തരായ താരങ്ങളില്ലാത്തതിനാല്‍ എല്ലാവരും വളരെ ക്ലോസാണ്. പ്രീസീസണ്‍ മത്സരങ്ങളോട് കൂടിത്തന്നെ ടീം സെറ്റായിക്കഴിഞ്ഞിരുന്നു.

ഡേവിഡ് ജെയിംസ് കൃത്യമായ ലക്ഷ്യമുള്ളയാള്‍

കേരളം എന്താണ്, ഇവിടത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടത്, ഫാന്‍സിന് എന്താണ് വേണ്ടത് എന്ന് നൂറ് ശതമാനവും അറിയാവുന്നയാളാണ്. വളരെ ഫ്രണ്ട്‌ലിയാണ്. വിദേശ കോച്ചുമാരുടെ കീഴില്‍ ഉണ്ടാകാറുള്ള സമ്മര്‍ദ്ദം ജെയിംസിന് കീഴില്‍ ഉണ്ടാകാറില്ല. കഠിനാധ്വാനികളെയാണ് കോച്ചിന് വേണ്ടത്. അത് കളിക്കാര്‍ക്കുമറിയാം. അതിനാല്‍ കോച്ചിന് വേണ്ടത് കൊടുക്കാന്‍ എല്ലാവരും ശ്രമിക്കുന്നുമുണ്ട്.

പരിചയസമ്പത്തും ആവശ്യത്തിനുണ്ട്

യുവനിരയാണെങ്കിലും ആവശ്യത്തിന് പരിചയസമ്പത്തും നമുക്കുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന അനസിക്ക, ജിങ്കന്‍, വിനീതേട്ടന്‍ തുടങ്ങിയവരൊക്കെ നമുക്കുണ്ട്. എക്‌സ്പീരിയന്‍സുള്ളവരാണ് ഈ യുവനിരയ്ക്ക് ചുറ്റുമുള്ളത്. ആവശ്യത്തിന് വിദേശതാരങ്ങളുമുണ്ടെന്നതിനാല്‍ അനുഭവ സമ്പത്തിന്റെ കുറവ് ബ്ലാസ്റ്റേഴ്‌സിന് ഒരു പ്രശ്‌നമാകുമെന്ന് തോന്നുന്നില്ല.

Content Highlights: Prasanth K Kerala Blasters Player Interview ISL 2018 Manjappada