രു നഗരത്തിന്റെയോ സംസ്ഥാനത്തിന്റെയോ മാത്രം പ്രതിനിധിയല്ല നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എട്ട് സംസ്ഥാനങ്ങളുടെ പ്രതീക്ഷയാണ്. എന്നാല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരിക്കലും ടീമിനായിട്ടില്ല. ടൂര്‍ണമെന്റില്‍ അസം, നാഗാലന്‍ഡ്, മണിപ്പുര്‍, മേഘാലയ, സിക്കിം, അരുണാചല്‍പ്രദേശ്, ത്രിപുര, മിസോറം എന്നിങ്ങനെ എട്ടു സംസ്ഥാനങ്ങളെ നോര്‍ത്ത് ഈസ്റ്റ് പ്രതിനിധാനം ചെയ്യുന്നു.

ഇന്ന് ഇന്ത്യന്‍ ഫുട്ബോള്‍ പടര്‍ന്നേറുന്ന മണ്ണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. താരങ്ങള്‍ വളരുമ്പോഴും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐ.എസ്.എല്ലില്‍ കുതിക്കാനായിട്ടില്ല. ആദ്യസീസണില്‍ അവസാനസ്ഥാനത്ത്. രണ്ട്, മൂന്ന് സീസണുകളില്‍ അഞ്ചാമത്. പത്തു ടീമുകള്‍ പങ്കെടുത്ത കഴിഞ്ഞ സീസണിലും അവസാനസ്ഥാനത്തായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഡച്ചുകാരന്‍ ഈല്‍കോ ഷാട്ടോരിയ്ക്ക് കീഴിലാണ് നോര്‍ത്ത് ഈസ്റ്റ് ഇത്തവണയെത്തുന്നത്. 2015-ല്‍ ഐ ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിച്ചിട്ടുണ്ട് ഷാട്ടോരി.

മുന്നേറ്റം

നൈജീരിയന്‍ താരം ബര്‍തോലമെ ഒബേച്ചെ, യുറഗ്വായ് താരം യുവാന്‍ ക്രൂസ് മാസിയ എന്നിവരാണ് ടീമിന്റെ മുന്നേറ്റനിരയിലെ വിദേശതാരങ്ങള്‍. അണ്ടര്‍-17, അണ്ടര്‍-23 യുറഗ്വായ് ടീമുകള്‍ക്കുവേണ്ടി കളിച്ച് പരിചയമുണ്ട് മാസിയയ്ക്ക്. ഒബേച്ചയാണെങ്കില്‍ മുന്‍ പി.എസ്.ജി. താരവുമാണ്. നൈജീരിയയ്ക്കായി പതിനൊന്ന് മത്സരങ്ങളില്‍ മൂന്നുഗോള്‍ നേടി.

ഗോകുലം കേരളയുടെ മുന്‍താരം കിവി ഷിമോമി, റുബര്‍ട്ട് നോങ്റം, ഗിരിക് ഖോസ്ല എന്നിവരാണ് ടീമിലെ ഇന്ത്യന്‍ മുന്നേറ്റതാരങ്ങള്‍.

മധ്യനിര

സെയ്ത്യസെന്‍ സിങ്, റൗളിന്‍ ബോര്‍ജസ്, സിമ്രാന്‍ജിത് സിങ്, നിഖില്‍ കടം, ഫനായ് ലാല്‍റെപുയിയ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റ് മധ്യനിരയിലെ ഇന്ത്യന്‍ കരുത്ത്. കൊളംബിയക്കാരന്‍ ജോസ് ഡേവിഡ് ലൂഡോ, യുറഗ്വായ് താരം ഫെഡെറിക്കോ ഗല്ലേഗോ, ഘാനക്കാരന്‍ അഗസ്റ്റിന്‍ ഒഖ്റ എന്നിവര്‍ ടീമിലെ വിദേശ മധ്യനിരക്കാര്‍. കൊളംബിയയ്ക്കായി വ്യത്യസ്ത പ്രായപരിധിയിലുള്ള ടീമുകളില്‍ കളിച്ചിട്ടുണ്ട് ലൂഡോ.

പ്രതിരോധം

രണ്ടു ക്രൊയേഷ്യന്‍ താരങ്ങള്‍ക്കാവും ടീമിന്റെ പ്രതിരോധത്തെ നയിക്കാനുള്ള ചുമതല. മാറ്റോ ഗിര്‍ഗിച്ചും മിസ്ലാവ് കൊമോസ്‌കിയുമാവും ടീമിലെ പ്രതിരോധത്തിലുള്ള വിദേശികള്‍. ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സാഗ്രെബിന്റെ താരമായിരുന്നു കൊമോസ്‌കി. വ്യത്യസ്ത പ്രായപരിധിയിലുള്ള ക്രൊയേഷ്യന്‍ ദേശീയ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുമുണ്ട്.

ഇവര്‍ക്കുപുറമേ പവന്‍ കുമാര്‍, ഗുര്‍വീന്ദര്‍ സിങ്, റോബര്‍ട്ട് ലാല്‍തമുവാന, കീഗന്‍ പെരേര, റീഗന്‍ സിങ് എന്നിവരും പ്രതിരോധനിരയിലുണ്ട്. മലയാളി താരം ടി.പി. രഹനേഷാണ് പ്രധാന ഗോള്‍ കീപ്പര്‍. പവന്‍ കുമാര്‍, ഗുര്‍മീത് എന്നിവരും ഗോള്‍ കീപ്പറായി ഉണ്ട്.

ടീം: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
പരിശീലകന്‍: ഈല്‍കോ ഷാട്ടോരി
കഴിഞ്ഞ സീസണ്‍: പത്താം സ്ഥാനം
ശ്രദ്ധിക്കേണ്ട താരം: ബര്‍തോലമെ ഒബേച്ച

Content Highlights: North East United Team ISL 2018