കൊച്ചി: ജര്‍മന്‍ ബുണ്ടസ് ലിഗയുടെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ലോതര്‍ മത്തേയൂസ് ഒരു ദിവസം ചെലവിട്ടത് കളി പറഞ്ഞും കളി കണ്ടും. പനമ്പിള്ളിനഗര്‍ സ്‌കൂളിലെ മൈതാനത്ത് കുട്ടിത്താരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ വിശേഷങ്ങള്‍ പങ്കുവെച്ച താരം, തുടര്‍ന്ന് കലൂരിലെ സ്റ്റേഡിയത്തിലെത്തി കേരള ബ്ലാസ്റ്റേഴ്സ്-ജംഷേദ്പുര്‍ കളിയും കണ്ടു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം വര്‍ത്തമാന ഫുട്ബോളിലെ കാര്യങ്ങളും സംസാരിച്ചു.

മോഡ്രിച്ചിന്റെ പുരസ്‌കാരം

മോഡ്രിച്ച് പ്രതിഭാധനനായ ഫുട്ബോളറാണ്. പത്തു വര്‍ഷത്തിനുശേഷം മെസ്സിയോ റൊണാള്‍ഡോയോ അല്ലാതൊരു താരത്തിന് ബാലണ്‍ദ്യോര്‍ ലഭിച്ചിരിക്കുന്നുവെന്നത് തന്നെയാണ് മോഡ്രിച്ചിന്റെ മികവിന്റെ അടയാളം.

ജര്‍മനിക്ക് എന്തുപറ്റി

ജര്‍മന്‍ ഫുട്ബോളിന് ചില കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ലോകകപ്പ് മുതല്‍ ജര്‍മനിക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. നാലുവര്‍ഷംമുന്‍പ് ലോകകപ്പ് നേടിയ അതേ കളിക്കാര്‍ ഇക്കുറിയും ലോകകപ്പ് നേടിക്കൊടുക്കുമെന്നാണ് കോച്ച് ജോക്കിം ലോ പ്രതീക്ഷിച്ചത്. പക്ഷേ, കാര്യങ്ങള്‍ ആവര്‍ത്തിച്ചില്ല. എന്നാല്‍, ജോക്കിം ലോ 12 വര്‍ഷമായി ദേശീയ ടീമിന്റെ കോച്ചാണ്. ലോകകപ്പിലുണ്ടായ പിഴവുകള്‍ അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞു. ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു.

ഇന്ത്യ നന്നാകട്ടെ

ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ഏറെദൂരം മുന്നോട്ടുപോകാനുണ്ട്. ഇവിടെ കളി തുടങ്ങിയിട്ടേയുള്ളൂവെന്നാണ് ഞാന്‍ കരുതുന്നത്. തീവ്രമായ ഇഷ്ടമാണ് ഇന്ത്യയിലെ ആരാധകര്‍ ഇപ്പോള്‍ ഫുട്ബോളിനോട് കാണിക്കുന്നത്. അതുകൊണ്ടുതന്നെ പടിപടിയായി ഇന്ത്യ മുന്നോട്ടു കയറിവരുമെന്നതില്‍ സംശയംവേണ്ട.

ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍

ആരാധകരുടെ പിന്തുണ എപ്പോഴും ടീമിനും കളിക്കാര്‍ക്കും ആവശ്യമാണ്. പക്ഷേ എല്ലാ മത്സരത്തിലും ആഗ്രഹിച്ച ഫലം ലഭിക്കണമെന്നില്ല. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ്. ആരാധകരുടെ പിന്തുണ എപ്പോഴും വേണം. ജംഷേദ്പുരിനെതിരായ മത്സരത്തില്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ പ്രതികരണമാണ്. 

Content Highlights: Lothar Matthaus on Kerala Blasters fans manjappada