ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ശനിയാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. അമര്‍ തമര്‍ കൊല്‍ക്കത്തയും കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ആദ്യമത്സരം. ഐ.എസ്.എല്‍ സീസണെത്തുമ്പോള്‍ പതിവുപോലെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക്കൂട്ടമായ മഞ്ഞപ്പട. ബുധനാഴ്ച കൊച്ചിയില്‍ നടന്ന ജേഴ്‌സി ലോഞ്ചിങ് ചടങ്ങില്‍ തന്നെ മഞ്ഞപ്പട സജീവമായിക്കഴിഞ്ഞു. നൂറുകണക്കിന് മഞ്ഞപ്പട സംഘാംഗങ്ങളാണ് ജേഴ്‌സി ലോഞ്ചിങ്ങിനായി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ എത്തിയത്. സീസണ് മുന്നോടിയായി പുതിയ പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് മഞ്ഞപ്പട.

ആദ്യം സ്വീകരണം

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം നാളെയാണൈങ്കിലും നവംബര്‍ അഞ്ചിന് നടക്കുന്ന ഹോം മാച്ചോടെയാകും മഞ്ഞപ്പട സജീവമായി രംഗത്തെത്തുക. ആദ്യമായി മത്സരത്തിന് കൊച്ചിയിലെത്തുമ്പോള്‍ ടീമിന് വന്‍സ്വീകരണമാകും ഒരുക്കുകയെന്ന് മഞ്ഞപ്പട ഭാരവാഹിയായ അഭിഷേക് പ്രഭു പറഞ്ഞു. സ്റ്റേഡിയത്തിനകത്തും ചില സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്ന് അഭിഷേക് കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ആരാധക ഗാനങ്ങളും ഇത്തവണ അവതരിപ്പിക്കും. ബാനറുകളും മറ്റും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Kerala Blasters to kick off long ISL fifth season

ദുരിതാശ്വാസത്തിലും സജീവം

കേരളം പ്രളയത്തെ നേരിട്ട ശേഷമെത്തുന്ന ഐ.എസ്.എല്‍ ആയതിനാല്‍ ദുരിതാശ്വാസത്തിലും ടീം മാനേജ്‌മെന്റ് ശ്രദ്ധപതിപ്പിക്കുന്നുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയ സഹായപ്രവര്‍ത്തനങ്ങളില്‍ മഞ്ഞപ്പടയും സജീവ പങ്കാളികളായിരുന്നു. പ്രളയ ഹീറോകളായ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സര ടിക്കറ്റ് നല്‍കിക്കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. വരും മത്സരങ്ങളിലും പ്രളയത്തിലെ ഹീറോകളെ ആദരിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ ഒരു മിനിറ്റ് മൗനമാചരിക്കാനും മറ്റു ചില പരിപാടികള്‍ക്കും മഞ്ഞപ്പടയും തയ്യാറെടുക്കുകയാണ്.

kerala blasters announces mohanlal as goodwill ambassador

സച്ചിന്‍ പോയാലെന്താ ലാലേട്ടന്‍ വന്നില്ലേ!

ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥ സ്ഥാനത്തു നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒഴിഞ്ഞതില്‍ നിരാശയുണ്ടെങ്കിലും ടീമിനോടുള്ള തങ്ങളുടെ ആരാധനയില്‍ കുറവൊന്നുമില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പക്ഷം. തുടക്കത്തില്‍ 'സച്ചിന്റെ ടീമെ'ന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ ടീമിന്റെ കട്ട ഫാന്‍സാണെന്ന് എറണാകുളം കോര്‍ കമ്മിറ്റി അംഗമായ ഗോഡ്​വിന്‍ പറയുന്നു. കൂടാതെ, ഇത്തവണ ഗുഡ്‌വില്‍ അമ്പാസിഡറായി മോഹന്‍ലാല്‍ വന്നത് ആവേശമേറ്റുമെന്നും ഇവര്‍ കരുതുന്നു.

മാതേജും സ്ലാവിസയും ശ്രദ്ധാകേന്ദ്രങ്ങള്‍

വന്‍ പേരുകാര്‍ക്ക് പകരം എല്ലാ പൊസിഷനിലും നല്ല കളിക്കാരെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇത്തവണ ശ്രദ്ധിച്ചത്. മുമ്പ് പ്രശ്‌നമായിരുന്ന മധ്യനിരയില്‍ ഉള്‍പ്പെടെ കഴിവുള്ള കളിക്കാരെ എത്തിച്ചതിനാല്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ ഈ ടീം മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പുതിയതായി ടീമിലെത്തിയവരില്‍ ഫോര്‍വേഡുകളായ മാതേജ് പോപ്ലാറ്റ്‌നിക്കും സ്ലാവിസ സ്റ്റൊജനോവിച്ചുമാണ് ആരാധകരുടെ ശ്രദ്ധാകേന്ദ്രങ്ങള്‍.

Content Highlights: Kerala Blasters to kick off long ISL fifth season