കൊച്ചി:''അയാള്‍ക്കൊരു കണ്ണട വാങ്ങിക്കൊടുക്കാന്‍ പറയൂ...''ഐ.എസ്.എല്ലിന്റെ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സി.ക്കെതിരായ മത്സരത്തിനു ശേഷം മൈതാനം വിടുമ്പോള്‍ രോഷാകുലനായി വിനീത് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ചെന്നൈയിന്‍ എഫ്.സി.ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ച റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരേയായിരുന്നു അന്ന് വിനീത് പൊട്ടിത്തെറിച്ചത്.
 
പുണെയ്ക്കെതിരായ മത്സരത്തിനു ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ വിനീത് പറഞ്ഞ വാക്കുകളിലും അതേ സങ്കടം പൊള്ളുന്നുണ്ടായിരുന്നു. ''സ്വന്തം ടീമോ എതിര്‍ ടീമോ അല്ലാതെ മൂന്നാമതൊരാള്‍ മത്സര ഫലം നിര്‍ണയിക്കുന്ന അവസ്ഥ. വളരെ സങ്കടകരവും ക്രൂരവുമാണത്. എന്നാല്‍ അതില്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല. മത്സരശേഷം റൂമില്‍ തിരിച്ചെത്തി കുളിമുറിയിലെ ഷവറിനടിയിലിരുന്നു കുറേ നേരം കരയാമെന്നു മാത്രം...'' വിനീത് പറഞ്ഞ വാക്കുകള്‍ വിരല്‍ ചൂണ്ടിയത് കാല്‍പന്തുകളിയെ കൊന്നു കളയുന്ന ചില സത്യങ്ങളിലേക്ക് തന്നെയായിരുന്നു.

റഫറിയുടെ തെറ്റായ തീരുമാനങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കാര്‍ അടങ്ങാത്ത അമര്‍ഷത്തിലും സങ്കടത്തിലും പൊള്ളുകയാണ്. മത്സരശേഷം ചിലര്‍ അത് തുറന്നുപറഞ്ഞപ്പോള്‍ അച്ചടക്കമെന്ന വാള്‍ പേടിച്ച് പലരും മിണ്ടാതിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിനീതിന്റെ സംസാരത്തില്‍ നിറഞ്ഞതും അതു തന്നെയായിരുന്നു. ''റഫറിമാരുടെ പിഴവുകള്‍ കൊണ്ടു മാത്രം മത്സരഫലം അട്ടിമറിക്കുന്ന കാഴ്ച സഹിക്കാനാകില്ല. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താല്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പക്ഷേ, ഞാന്‍ എന്റെ വികാരമാണ് പറഞ്ഞത്. പിഴവുകള്‍ മനുഷ്യ സഹജമാണെന്നത് അംഗീകരിക്കുന്നു. പക്ഷേ, ഒരാളുടെ ചെറിയ പിഴവു കൊണ്ട് ഒരു ടീമിന് സംഭവിക്കുന്ന വലിയ നഷ്ടത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ...'' വിനീതിന്റെ വാക്കുകളില്‍ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഴുവന്‍ സങ്കടങ്ങളുമുണ്ടായിരുന്നു.

Read More: 'ഇങ്ങനെയാണെങ്കില്‍ ജയിക്കാന്‍ പ്രയാസമാണ്'-ഡേവിഡ് ജെയിംസ്

Read More: ഗോള്‍ അനുവദിച്ചില്ല; റഫറിക്ക് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ തെറിവിളി

manjappada
മോശം റഫറിയിങ്ങിനെതിരെ മഞ്ഞപ്പടയുടെ പ്രതിഷേധം

 

ബെംഗളൂരുവിനെതിരായ മത്സരത്തിലും റഫറിയുടെ പിഴവുകളില്‍ നീറി നില്‍ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ താരവും. മത്സരശേഷമുള്ള ചടങ്ങുകള്‍ക്ക് ശേഷം മൈതാനത്തു നിന്ന് മടങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും സംസാരിച്ചതും വിവാദമായ ആ ഗോളിനെക്കുറിച്ച് തന്നെയായിരുന്നു. 

പൂര്‍ണമായും ഓഫ്‌സൈഡാണ് ആ ഗോളെന്ന് വാദിച്ചാണ് ജിങ്കന്‍ ഛേത്രിക്കൊപ്പം മൈതാനത്തിലൂടെ നടന്നിരുന്നത്. ''റഫറിയുടെ ജോലി കടുത്തതാണെന്ന് എനിക്കറിയാം. പക്ഷേ, അതിന്റെ പേരില്‍ തീരുമാനങ്ങള്‍ ഇങ്ങനെയാകുന്നത് ന്യായീകരിക്കാനാകില്ല. ടീമിനു വേണ്ടി മാനേജ്‌മെന്റ് ഒരുപാട് പണമിറക്കുന്നുണ്ട്. ടീമിനായി ഞങ്ങളെല്ലാം ഏറെ അധ്വാനിക്കുന്നുണ്ട്. എന്നാല്‍, അതെല്ലാം നിഷ്ഫലമാക്കുന്നതാണ് റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍. അതെല്ലാം തിരുത്തപ്പെട്ടേ മതിയാകൂ...'' ജിങ്കന്റെ വാക്കുകളിലും പതഞ്ഞുപൊങ്ങിയത് സങ്കടവും അമര്‍ഷവും തന്നെയായിരുന്നു.

troll
മോശം റഫറിയിങ്ങിനെതിരെ വന്ന ട്രോള്‍

 

മത്സരശേഷം കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞ വാക്കുകളിലും നിറഞ്ഞത് മോശം റഫറിയിങ്ങിനെതിരായ പ്രതിഷേധം തന്നെയായിരുന്നു. ''ഞങ്ങള്‍ നന്നായി കളിച്ചു. പക്ഷേ, ഈ സീസണിലെ ആറു കളികളില്‍ പകുതിയിലേറെ എണ്ണത്തിലും റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഇരകളാകുകയായിരുന്നു. ഐ.എസ്.എല്ലില്‍ 'വാര്‍' പരിശോധന കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവങ്ങളെല്ലാം...''ജെയിംസ് പറഞ്ഞു.

Content Highlights: Kerala Blasters Team On Refereeing ISL 2018 Manjappada CK Vineeth Sandesh Jhingan